മണ്ണത്തൂർ ആടുകുഴി ക്വാറിയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തിയപ്പോൾ.
തിരുമാറാടി : മണ്ണത്തൂർ ആടുകുഴി ക്വാറി പ്രവർത്തനം താത്കാലികമായി നിർത്തി. ദുരന്തനിവാരണ അഥോറിറ്റി സബ് കളക്ടറും ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ക്വാറി പ്രദേശം സന്ദർശിച്ച ശേഷമാണ് നടപടി. ക്വാറി നടത്തിപ്പുകാർ അനുമതിയില്ലാതെ വൻതോതിൽ മണ്ണ് കൂട്ടിയിട്ട് പ്രദേശത്ത് ദുരന്ത സാധ്യത ഉണ്ടാക്കിയതായി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ക്വാറിയിൽനിന്നു പാറ കയറ്റിക്കൊണ്ടുപോകാനുള്ള ഇ- പാസ് നിർത്തലാക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് പി.കെ. ഷാജിമോൾ ജില്ലാ ആസ്ഥാനത്തേക്ക് നിർദേശം നൽകി.
സിപിഎം ഏരിയ കമ്മിറ്റി അംഗം അനിൽ ചെറിയാൻ, പഞ്ചായത്തംഗം ബിനു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം ക്വാറിയിലെത്തിയത്. റവന്യു, മൈനിംഗ് ആൻഡ് ജിയോളജിവകുപ്പ് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കളക്ടർക്ക് പരാതി നൽകിയത്.
പാറ കണ്ടെത്താനായി ആടുകുഴി മല തുരന്ന് കടത്തിയ നൂറുകണക്കിന് ലോഡ് മണ്ണ് മലയുടെ ചെരുവിൽ അശാസ്ത്രീയമായി കൂട്ടിയത് നാട്ടുകാർ സംഘത്തെ കാണിച്ചു. അംഗീകൃത മൈനിംഗ് പ്ലാനിൽ ഇല്ലാത്ത സ്ഥലത്താണ് മണ്ണ് കൂട്ടിയതെന്ന് പഞ്ചായത്തംഗം ബിനോയി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. 3.81 ഹെക്ടറിലെ സ്ഥലത്തു നിന്നും ആറ് വർഷത്തേക്കാണ് ഖനനാനുമതി. ആദ്യവർഷം 1.5 ലക്ഷം ടണ്ണും രണ്ടാം വർഷം 1.70 ലക്ഷം ടണ്ണും കല്ല് പൊട്ടിച്ചു നീക്കാം. എന്നാൽ ആറു മാസം കൊണ്ട് ഇതിന്റെ രണ്ടിരട്ടി പാറ പൊട്ടിച്ചതായും നാട്ടുകാർ ആരോപിച്ചു. പാറ എടുത്തുണ്ടാകുന്ന കുഴി മൂടാനാണ് നിലവിൽ എടുത്ത മണ്ണ് ഉപയോഗിക്കേണ്ടത്. മണ്ണ് കടത്താനോ, തട്ട് തിരിച്ച് മൈനിംഗ് പ്ലാൻ ക്രമപ്പെടുത്തി നൽകാനോ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും ബിനോയ് കുര്യാക്കോസ് ആവശ്യപ്പെട്ടു.
കുത്തനെയുള്ള മലയുടെ ചെരുവിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആയിരത്തിലേറെ ലോഡ് മണ്ണ് ഇട്ടതെന്ന് പഞ്ചായത്തംഗങ്ങളായ എ.സി.ജോൺസൺ, മഞ്ജുഷ സുരേഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, ബിനോയ് കുര്യാക്കോസ് തുടങ്ങിയവർ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. പാറ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചതായി റോൺകോ ഗ്രാനൈറ്റ് സബ് കളക്ടർക്ക് മുന്നിൽ വാദിച്ചു. എന്നാൽ പരാതി ഉയർന്നപ്പോൾ വ്യാഴം ,വെള്ളി ദിവസങ്ങളിലായി ഏതാനും ലോഡ് പാറയും കയർപായയും മണ്ണിനു മുകളിൽ ഇട്ടതാണെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. ഏകദേശം എണ്ണൂറോളം സ്ക്വയർ മീറ്റർ വിസ്തൃതി വരുന്ന പുതുമണ്ണ് കൂട്ടിയ മലയുടെ അടിഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്താനായില്ല. അടി ഭാഗത്തു നിന്നും ഇവിടെ മണ്ണൊലിപ്പുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് ദുരന്തനിവാരണ അഥോരിറ്റി സബ് കളകടർ ജോസഫ് സ്റ്റീഫൻ റോബിൻ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഉറപ്പു നൽകി. പാറമടയിലെ വലിയ സ്ഫോടനംമൂലം നിരവധി വീടുകൾക്ക് വിള്ളലുണ്ടായി. ലോറികൾ അമിതഭാരം കയറ്റി ഓടുന്നതിനാൽ അടുത്തയിടെ നവീകരിച്ച ചൂണ്ടി –പണ്ടപ്പിള്ളി സെൻട്രൽ ക്രോസ് റോഡ് തകർന്നു. ഈ റോഡിന്റെ ഭാഗമായ കനാൽ ബണ്ട് ഭാഗവും പ്രധാന പാലവും തകർച്ചയിലാണ്.
Tags : Local News Nattuvishesham Ernakulam