റേഡിയോ കാഞ്ചിയാറിന്റ് ഉദ്ഘാടനം ഗവ. ട്രൈബൽ സ്കൂളിൽ ഡോ. സിഎസ്. അനില നിർവഹിക്കുന്നു.
കട്ടപ്പന: കുട്ടികളിലെ ആശയവിനിമയശേഷി, ഭാഷാപരിജ്ഞാനം, ആത്മവിശ്വാസം, സർഗാത്മകത, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ റേഡിയോ കാഞ്ചിയാർ എന്ന സ്കൂൾ റേഡിയോ പദ്ധതിക്കു തുടക്കമായി. ആകാശവാണി ദേവികുളം നിലയത്തിലെ റേഡിയോ അനൗൺസറും ശാന്തമ്പാറ ഗവ. കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി.എസ്. അനില ഉദ്ഘാടനം നിർവഹിച്ചു.
സ്കൂളിലെ കുട്ടികൾതന്നെയാണ് റേഡിയോയുടെ അവതാരകരും വാർത്താവായനക്കാരും. ആഴ്ചയിൽ ഒരു ദിവസം ഉച്ചഭക്ഷണ വേളയിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലൂടെ സ്കൂൾ വാർത്തകൾ, പൊതുവാർത്തകൾ, പൊതുവിജ്ഞാന വിവരങ്ങൾ, പരിസ്ഥിതി-ആരോഗ്യ ബോധവത്കരണ സന്ദേശങ്ങൾ, ഗാനങ്ങൾ, കവിതകൾ, പ്രസംഗങ്ങൾ, ചിന്തകൾ, പുസ്തകപരിചയം, ക്വിസ്, അഭിമുഖങ്ങൾ, ദിനാചരണ പ്രത്യേക പരിപാടികൾ എന്നിവ അവതരിപ്പിക്കും. ഓരോ വിദ്യാർഥിക്കും മൈക്കിന് മുന്നിലെത്തി സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ റേഡിയോ കാഞ്ചിയാർ ഒരുക്കുന്നു.
റേഡിയോയുടെ പ്രവർത്തനരീതികൾ, അവതരണത്തിന്റെ പ്രാധാന്യം, ശുദ്ധമായ ഉച്ചാരണം, ശബ്ദനിയന്ത്രണം, വാർത്ത തയാറാക്കുന്ന രീതി എന്നിവ കുട്ടികളുമായി ഡോ. സിഎസ്. അനില പങ്കുവയ്ക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കുട്ടികളുടെ അവതരണങ്ങളെ അഭിനന്ദിച്ച് സ്കൂൾ റേഡിയോ പോലുള്ള വേദികൾ ആശയവിനിമയശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുന്ന മികച്ച പഠനവേദിയാണെന്ന് ഡോ. അനില അഭിപ്രായപ്പെട്ടു.
റേഡിയോ അവതരണം, വാർത്താവായന, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, അഭിമുഖ അവതരണം, സ്ക്രിപ്റ്റ് തയ്യാറാക്കൽ, മൈക്ക് കൈകാര്യം ചെയ്യൽ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി കുട്ടികളുടെ അവതരണശേഷി കൂടുതൽ മികവുറ്റതാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കായാണ് റേഡിയോ പരിപാടികൾ കേൾക്കാൻ കഴിയുന്നത്. തുടർന്ന് ഡിജിറ്റൽ, സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരിപാടികൾ ലഭ്യമാക്കുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കുമെന്നും വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ കാഞ്ചിയാർ ആരംഭിച്ചതെന്നും പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.
പിടിഎ പ്രസിഡന്റ് ജിൽബിൻ ജോർജ്, അദ്ധ്യാപകരായ ജിയോ സെബാസ്റ്റ്യൻ, ജിബിയ ജയിംസ്, വിഷ്ണു ഗോപാലൻ, അമലു മാത്യു, അനുഷ ഷാജി എനനിവർ പ്രസംഗിച്ചു. പരിപാടികൾക്ക് വിദ്യാർഥികളായ വി.എസ്. ആദിത്യൻ, നിള രതീഷ്, അനിരുദ്ധ് അനിഷ്, പി.എ. റിഥുൽ ദേവ് എന്നിവർ നേതൃത്വം നൽകി .
Tags : Local News Nattuvishesham Radio Kanchiyar Tribal LP School