രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡിൽ വീണ കൂറ്റൻ കല്ലുകളും മണ്ണും ജാക്ക് ഹാമർ, ജെസിബി എന്നിവ ഉപയോഗിച്ച് നീക്കുന്നു.
പുളിങ്ങോം വില്ലേജിലെ 92 വീടുകളിൽ വെള്ളം കയറി, നാല് വീടുകൾ വാസയോഗ്യമല്ലാതായി
ചെറുപുഴ: കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പുളിങ്ങോം വില്ലേജിലെ 92 വീടുകളിൽ വെള്ളം കയറി. ഇതിൽ നാല് വീടുകൾ വാസയോഗ്യമല്ലാതായി. 15 വീടുകളുടെ ഭിത്തികളിൽ കല്ലും മണ്ണും ചെളിയും വന്നടിഞ്ഞു. പല വീടുകളുടെയും മുറ്റം ഇടിയുകയും കെട്ടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഒരു കോഴിഫാം ഉൾപ്പെടെ 12 കടകളിലും വെള്ളം കയറി. രാജഗിരിയിലെ മാട്ടേലിനിക്കൽ തങ്കമ്മയുടെ വീടിന്റെ മുറ്റവും ബാത്ത് റൂമും ഉരുൾപൊട്ടലിൽ ഇടിഞ്ഞ് തൊട്ടടുത്ത തോട്ടിലേയ്ക്ക് വീണു.
വീടിന്റെ തറയോട് ചേർന്ന് മണ്ണൊഴുകിപ്പോയി. രാജഗിരിയിലെ ഇല്ലിമൂട്ടിൽ സാബുവിന്റെ വീടിനകത്തടക്കം ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ കല്ലും മണ്ണും ചെളിയും മരങ്ങളും കൂടിക്കിടക്കുകയാണ്.
സാബുവിന്റെ കൃഷിയിടത്തിലെ കമുക്, തെങ്ങ്, കാപ്പി, കൊക്കോ, കൊടി എന്നിവയെല്ലാം നശിച്ചു. ഉരുൾപൊട്ടലിന് ഒരു മണിക്കൂർ മുന്പുവരെ സാബുവിന്റെ ഭാര്യ യൂജി ഇവിടെ ഉണ്ടായിരുന്നു. ഇവരുടെ അഞ്ച് പട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ വീടിന് മുകളിലായി കേരളത്തിന്റെ വനത്തിൽ ചെറുതും വലുതുമായ ഏഴ് ഉരുൾ പൊട്ടലാണുണ്ടായത്.
കൂടാതെ ഉരുൾപൊട്ടലാണെന്ന് തോന്നിക്കുന്ന വിധം നിരവധി തവണ മലവെള്ളപ്പാച്ചിലും ഉണ്ടായി. സമീപത്തെ പെരികിലമലയിൽ സണ്ണി, ദേവസ്യ കാണ്ടാവനത്തിൽ, അലക്സാണ്ടർ ഇല്ലിമൂട്ടിൽ, യേശുദാസ് കാണ്ടാവനത്തിൽ എന്നിവരുടെ കൃഷിടത്തിലും ഉരുൾപൊട്ടൽ നാശം വിതച്ചു. ജോസ്ഗിരി തോട്ടുംചാലിലെ റൂബിയുടെ വീടും രണ്ടേക്കർ കൃഷിയിടവും പൂർണമായി തകർന്നു.
വലിയ ശബ്ദം കേട്ട് റൂബിയും ഭാര്യയും പുറത്തേയ്ക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടം പൂർണമായും വാസയോഗ്യമല്ലാതായി. ഇനി ഇവിടെ വീട് വയ്ക്കാനും കഴിയില്ല.
ജോസ്ഗിരിയിലെ കല്ലുങ്കൽ മേഴ്സിയുടെ വീടും പൂർണമായും നശിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉരുൾപൊട്ടലിൽ സ്കൂട്ടർ സഹിതം റോഡിൽനിന്ന് താഴേയ്ക്ക് പതിച്ചത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. അപകടത്തിൽ സ്കൂട്ടർ ഓടിച്ച മറ്റത്തിനാനിക്കൽ സണ്ണിക്ക് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് ഒഴുകിയെത്തിയ മരങ്ങൾക്കിടയിൽ ചെളിയിൽ പുതഞ്ഞനിലയിലാണ് സ്കൂട്ടർ കണ്ടെത്തിയത്.
തൊട്ടടുത്ത് റിസോർട്ട് നടത്തുന്ന പെരിങ്ങോത്തെ സ്റ്റാനിയുടെ നവീകരിച്ചുകൊണ്ടിരുന്ന വീട് ഉരുൾപൊട്ടലിൽ തകർന്നു. മുറ്റത്തുണ്ടായിരുന്ന കിണർ പൂർണമായും ചെളിയും മണ്ണും വീണ് മൂടിപ്പോയി. കല്ലൂർ റെജി, കുറ്റ്യാത്ത് ബിജോയി, പേരാട്ടുകുന്നേൽ വിജയകുമാർ, പേരാട്ടുകുന്നേൽ സുരേഷ് കുമാർ, പേരാട്ടുകുന്നേൽ ശശീന്ദ്രൻ, താണപറമ്പിൽ മനോജ്, മത്തായി പുത്തൻപുര, പുതുവേലിൽ ബിജു തുടങ്ങിയവരുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശം നേരിട്ടു.
ഉരുൾപൊട്ടലിൽ 75 കുടുംബങ്ങളെയാണ് റവന്യൂ വകുപ്പ് ഇടപെട്ട് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും നിരവധി കുടുംബങ്ങൾ അഭയം തേടി.
Tags : Nattuvishesham DistrictNews DeepikaNews Rain's Fury