മുക്കം: പുതുതായി ചുമതലയേറ്റ സഹ. ജോയിന്റ് രജിസ്ട്രാർക്ക് കോൺഗ്രസ് നേതാക്കൾ നൽകിയ സ്വീകരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സിപിഎം രംഗത്ത്.രജിസ്ട്രാറുടെ ഓഫീസിലെത്തി നൽകിയ സ്വീകരണം ഇതോടെ വിവാദമായി. കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറായി ചുമതലയേറ്റ കെ.എ. ഷീജക്കാണ് മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ. ബൈജു എന്നിവർ ഓഫീസിലെത്തി സ്വീകരണം നൽകിയത്. സഹ. ജോയിന്റ് രജിസ്ട്രാർക്ക് സ്വീകരണം നൽകിയെന്ന് കാണിച്ച്, ഷാളണിയിക്കുന്ന ചിത്രം സഹിതം ഇരുനേതാക്കളും ഫെയ്സ് ബുക്കിൽ ഫോട്ടോസഹിതം കുറിപ്പിട്ടിരുന്നു. വിവാദമായതോടെ ഇരുവരും സമൂഹ മാധ്യമത്തിൽ നിന്ന് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥ ഔദ്യോഗിക ഓഫീസിൽ വച്ച് രാഷ്ട്രീയ പാർട്ടിയുടെ സ്വീകരണം ഏറ്റുവാങ്ങുന്നത് ചട്ട വിരുദ്ധമാണന്ന് സിപിഎം ഏരിയ സെക്രട്ടറി വി.കെ. വിനോദ് പറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് പറഞ്ഞു.
സഹകരണ സംഘം പ്ലാനിംഗ് അസി. രജിസ്ട്രാർ കിഷോർ, ഡി.ആർ. സിന്ധു എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മുക്കം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരാണ് സ്വീകരണം നൽകിയത്.