രവീന്ദ്രൻ
കൊടുമൺ: പോക്സോ കേസ് പ്രതിക്ക് 6.5 വർഷം കഠിന തടവും പിഴയും. പന്തളം തെക്കേക്കര വളത്തുകാട് വടക്കേക്കര രവീന്ദ്രൻ ( 67) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും പിഴയും വിധിച്ചത്.
2025 ജൂലൈ 10ന് വൈകുന്നേരം അഞ്ചിനായിരുന്നു ഇയാൾ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പി. വിനോദ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും തെളിവിനായി 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ എഎസ്ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.