കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജിയുമായി സിപിഎം നേതാക്കൾ. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി എ.സി. മൊയ്തീനും എം.എം. വർഗീസും കെ. രാധാകൃഷ്ണനുമാണ് ഹർജി നൽകിയത്. ഹർജി ഈമാസം 24ന് പിഎംഎൽഎ കോടതി പരിഗണിക്കും.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഹർജിയെ എതിർക്കാനാണ് ഇഡി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചെന്ന് അന്വേഷണ സംഘം കുറ്റപ്പെടുത്തുന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്ടിയാൽ തെളിവുണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ.സി. മൊയ്ദീൻ, എം.എം. വർഗീസ്, കെ. രാധകൃഷ്ണൻ അടക്കമുള്ളവർ കോടതിയെ സമീപിച്ചത്.
കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം. മാത്രമല്ല പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ 64-ാം പ്രതിയാണ് സിപിഎം പാർട്ടി.
Tags : Karuvannur Bank black money case CPM leaders discharge petitions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash