തൊടുപുഴ: നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനി സഞ്ചാരികൾക്ക് സുഗമമായി യാത്ര ചെയ്യാം. വണ്ണപ്പുറം-ചേലച്ചുവട് റോഡുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.
കരിമണ്ണൂര്‍,ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഈ റോഡിലേക്ക് വേഗത്തിൽ എത്താനും സാധിക്കും. വണ്ണപ്പുറം ടൗണ്‍ചുറ്റിയുള്ള യാത്രയേക്കാൾ മൂന്നു കിലോമീറ്ററോളം ദൂരവും കുറയും. മുണ്ടന്മുടി അച്ചന്കവലയിലാണ് റോഡ് എത്തുന്നത്. ഇടുക്കി മേഖലയില്‍നിന്നു വരുന്നവര്‍ക്ക് കരിമണ്ണൂര്‍ ഭാഗത്തേക്ക് വേഗത്തിൽ എത്താനും റോഡ് പ്രയോജനപ്പെടും.
തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വീതികുറഞ്ഞ റോഡ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആനയാടിക്കുത്തിലേക്ക് വലിയവാഹനങ്ങള്‍ക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.ജെ. ജോസഫ് എംഎല്‍എയുടെ ശ്രമഫലമായി റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് നിര്‍മാണത്തിന് അനുമതി ലഭ്യമാക്കിയത്. 136 കോടിയാണ് നിർമാണച്ചെലവ്. റോഡ് നിർമാണത്തിന്റെ ഭാഗമായ ഓടനിര്‍മാണം കൂടി അവശേഷിക്കുന്നുണ്ട്.
വനംവകുപ്പിന്റെ എതിര്‍പ്പും തടസവാദങ്ങളും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തൊമ്മന്‍കുത്തില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
കരിമണ്ണൂര്‍-തൊമ്മന്‍കുത്ത് (9.74 കിലോമീറ്റര്‍), തൊമ്മന്‍കുത്ത്-നാരങ്ങാനം-മുണ്ടന്മുടി (4.19 കിലോമീറ്റര്‍), വണ്ണപ്പുറം-പട്ടയക്കുടി (15.32 കിലോമീറ്റര്‍) എന്നീ റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റോഡിന്റെ ഭാഗമായി പുതിയ പാലങ്ങള്‍, കലുങ്കുകള്‍, സംരക്ഷണഭിത്തി, റോഡ് സുരക്ഷാക്രമീകരണങ്ങള്‍, ഓടകള്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ മുളപ്പുറത്തെ പാലം നിർമാണം നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു.
അതേസമയം നിര്‍മാണം പൂര്‍ത്തിയായ റോഡിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ വേനല്‍മഴയിലെ കുത്തൊഴുക്കില്‍ കല്ലുംമണ്ണും ചെളിയും വന്നടിഞ്ഞിരുന്നു. ഓടകളുടെനിര്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.