കരുമാലൂര്‍: പുനര്‍നിര്‍മാണത്തിനായി റോഡ് കുത്തിപ്പൊളിച്ചിട്ട് കരാറുകാരന് സ്ഥലം വിട്ടു. കരുമാല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പാണാടാണ് സംഭവം. മഴ ശക്തമായതോടെ റോഡ് ചെളിക്കുളമായി. ഇതോടെ സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറു കണക്കിന് ആളുകള്‍ ദുരിതത്തിലായി.
തട്ടാംപടി കപ്പേളപടി ഭാഗത്തു നിന്നാരംഭിച്ചു പാണാട് അവസാനിക്കുന്ന രണ്ടു കിലോമീറ്ററോളം വരുന്ന റോഡാണ് അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചത്.
മുൻ മന്ത്രി പി.രാജീവിന്റെ എംഎൽഎ ഫണ്ടില്‍ നിന്നും അനുവദിച്ച 46 ലക്ഷം രൂപ മുടക്കി രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് ടൈല്‍ വിരിക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇതിനായി നേരത്തെ ഉണ്ടായിരുന്ന ടാര്‍ കുത്തിപ്പൊളിച്ചു. മെറ്റല്‍ ചീളികള്‍ വിതറിപോയ ശേഷം കരാറുകാരന് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി.
ദിവസേന ഒട്ടേറെയാളുകളാണ് ആലുവ- പറവൂര്‍ റോഡില്‍ നിന്നു പാണാട് ഭാഗത്തേക്കു യാത്ര ചെയ്യുന്നത്. പ്രദേശവാസികളുടെ ഏക സഞ്ചാരമാര്‍ഗവും ഇതാണ്. റോഡ് കുത്തിപ്പൊളിച്ചതോടെ അപകടങ്ങള്‍ പതിവാണ്. ഓട്ടോറിക്ഷപോലും ഇതുവഴി വരാത്ത അവസ്ഥ വന്നതോടെ രോഗികളും ദുരിതത്തിലായി.
പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കരാറുകാരന് തിരിഞ്ഞു നോക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. ഇതേ കരാറുകാരനെതിരേ മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്. എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സങ്കേതിക പ്രശ്നങ്ങളാണു നീണ്ടു പോകാന്‍ കാരണമെന്നും നിര്‍മാണം ഉടനെ തുടങ്ങുമെന്നു കരാറുകാരന് അറിയിച്ചിട്ടുണ്ടെന്നും കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എ.മുജീബ് പറഞ്ഞു.
Tags : nattu vishesham Road dug up for reconstruction