തൃക്കാക്കരയിൽ നഗരസഭാമന്ദിരത്തോട് ചേർന്ന സ്ഥലത്ത് ചാക്കിലും പൊളിത്തിൻ ബാഗുകളിലും നിറച്ച് കുട്ടിയിട്ടിരിക്കുന്ന ജൈവമാലിന്യം.
കാക്കനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യൂ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ സമയബന്ധിതമായി മാലിന്യ നീക്കം നടക്കുന്നില്ലെന്ന് ആരോപണം. 48ഡിവിഷനുകളിൽ നിന്നായി ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ വണ്ടികളിലെത്തിച്ച് നഗരസഭാമന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് പതിവായി സംഭരിച്ചു വരുന്നത്. ഇവിടെ നിന്നും ഇത് നീക്കം ചെയ്യാതായതോടെ പ്ലാസ്റ്റിക് ചാക്കുകളിലും പോളിത്തീൻ ബാഗുകളിലുമായി നിറച്ച മാലിന്യം മഴയിൽ ചീഞ്ഞഴുകി പരിസരമാകെ തളം കെട്ടിക്കിടക്കുകയാണ്.
ജൈവ മാലിന്യവും പ്ലാസ്റ്റിക്കും വേർതിരിച്ച് സംസ്കരിക്കാൻ 46 സെന്റ് സർക്കാർ ഭൂമി നഗരസഭയ്ക്ക് ലഭിച്ചിട്ടും മാലിന്യ സംസ്കരണത്തിന് ഇനിയും പരിഹാരമായിട്ടില്ല. പ്ലാന്റിനായുള്ള ഡിപി ആർ പാസായിട്ടും സാങ്കേതികത്വം പറഞ്ഞ് ബന്ധപ്പെട്ടവർ പദ്ധതി നടപ്പാക്കുന്നില്ലെന്ന് മുൻ ഭരണസമിതിയിലെ അംഗങ്ങൾ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊടിച്ച് തരികളാക്കി ടാറിംഗ് മിശ്രിതത്തിൽ കലർത്തി തൃക്കാക്കര സിവിൽലൈൻ റോഡ് ടാർ ചെയ്ത ചരിത്രം നഗരസഭയ്ക്കുണ്ടെങ്കിലും പിന്നീട് പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. 25 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മെഷീനുകളും ഇപ്പോൾ കാണാനില്ല. 18 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഷ്രഡിംഗ് യൂണിറ്റ് ഇപ്പോൾ നായക്കൂടുകളാക്കി മാറ്റിയിരിക്കുകയാണ്.ചില വീടുകളിൽനിന്നു ഹരിതകർമസേന മാലിന്യം കൃത്യമായി ശേഖരിക്കാതെ വന്നതോടെ ഒരു വീട്ടുടമ ജൈവ മാലിന്യം ബക്കറ്റിൽ ശേഖരിച്ച് നഗരസഭാ കവാടത്തിൽ കൊണ്ടു വന്നു നിക്ഷേപിച്ചതു ദൃശ്യ മാധ്യമങ്ങളിലടക്കം വിവാദമായിരുന്നു.
തൃക്കാക്കരയിൽ നിലവിൽ അനുഭവപ്പെടുന്ന മാലിന്യ പ്രശ്നത്തിന് അടിയന്തിര നടപടികൾ വേണന്നെ നിലപാടിലാണ് പൊതു സമൂഹം. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കെബിപിഎസ് എന്നിവയോട് ചേർന്നാണ് തൃക്കാക്കരയിലെ ദുർഗന്ധപൂരിത മാലിന്യസംഭരണി സ്ഥിതി ചെയ്യുന്നത്.
Tags : NattuVishesham DistricteNews