വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിലെത്തിച്ച ജീപ്പ് പരിശോധിക്കുന്ന തങ്കച്ചൻ.
വടക്കഞ്ചേരി: ജീപ്പ് സ്പെഷലിസ്റ്റാണ് അറുപത്തിയാറുകാരനായ കപ്യാരുതോട്ടത്തിൽ തങ്കച്ചൻ എന്ന തോമസ് ജോസഫ്.
പന്നിയങ്കര ടോൾപ്ലാസക്കടുത്ത് തേനിടുക്ക് നെല്ലിയാമ്പാടത്തുള്ള തങ്കച്ചന്റെ വീട്ടിലെ വർക്ക്ഷോപ്പിലും വിശാലമായ വീട്ടുമുറ്റത്തുമായി പതിനഞ്ചോ ഇരുപതോ ജീപ്പുകൾ ഏതുസമയവുമുണ്ടാകും.
ഏതുമോഡൽ ജീപ്പും ഇവിടെകാണാം. ചെറിയ പരിക്കുകൾമുതൽ അത്യാസന്ന നിലയിലുള്ള ജീപ്പുകൾവരെ ഇവിടെയുണ്ടാകും. എത്ര ഗുരുതരമായ പ്രശ്നമായാലും ചെറിയൊരു സാധ്യതയുണ്ടെങ്കിൽ അതിനെ കണ്ടീഷനാക്കി റോഡിൽ ഇറക്കുകയാണ് തങ്കച്ചന്റേയും സഹായികളുടെയും ജോലി.
ജീപ്പുകളുടെ സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ എന്നാണ് ജീപ്പ് പ്രേമികൾ കെസിജെ എൻജിനീയറിംഗ് ആൻഡ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനെ വിളിച്ചുപോരുന്നത്.
തങ്കച്ചന്റെ ജീപ്പ് ഭ്രമത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പതിനാറാം വയസിൽ മിലിട്ടറിജീപ്പ് വാങ്ങി ഹൈറേഞ്ചിലൂടെ ഓടിച്ച് നാട്ടുകാരെ വിസ്മയിപ്പിച്ചിട്ടുള്ള തങ്കച്ചന് ഇന്നും ജീപ്പ്കമ്പം കൈവിട്ടിട്ടില്ല.
കട്ടപ്പന കാഞ്ചിയാറിലായിരുന്നു കുട്ടിക്കാലം. അവിടെ ഹൈറേഞ്ചിലെല്ലാം ഫോർവീൽ ജീപ്പുകളായിരുന്നു. ആടിയുലഞ്ഞും ചാഞ്ഞും ഓഫ് റോഡിലൂടെയുള്ള ജീപ്പ് ഓടിക്കൽ അന്നുംഇന്നും തങ്കച്ചനു ഹരമാണ്.
1986 ലാണ് തങ്കച്ചനും കുടുംബവും ജീപ്പുമായി വടക്കഞ്ചേരി നെല്ലിയാമ്പാടത്തെത്തുന്നത്. അന്ന് വടക്കഞ്ചേരിയിൽ മേഖലയിൽതന്നെ ജീപ്പ് അപൂർവമായിരുന്നു. തേവർക്കാട്, പടിഞ്ഞാറെമുറിയിൽ, നീലിയറ തുടങ്ങി ഏതാനും വീടുകളിൽ മാത്രമാണ് അന്ന് ജീപ്പുണ്ടായിരുന്നതെന്നു തങ്കച്ചൻ പറയുന്നു. ജീപ്പുള്ളവരെയെല്ലാം എല്ലാവരും ശ്രദ്ധിച്ചിരുന്ന കാലമായിരുന്നു അത്. ജീപ്പിനെക്കുറിച്ച് അറിയാനും ജീപ്പ് വാങ്ങുന്നവരുമെല്ലാം ഇന്നും തങ്കച്ചന്റെ ഉപദേശം തേടാനെത്തുന്നുണ്ട്.
വീട്ടിൽ ബന്ധുക്കളോ പരിചയക്കാരോ വന്നാലും ജീപ്പ് വിശേഷം തന്നെയാണ് മുന്നിൽ നിൽക്കുക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നന്നുള്ള ജീപ്പുകൾ പണികൾക്കായി കൊണ്ടുവരുന്നത് ഇവിടെയാണ്. തങ്കച്ചനും സഹായികളും കൈവച്ചാൽ പിന്നെ ഉടമയ്ക്ക് ടെൻഷൻ വേണ്ട. ചെറിയൊരു മിടിപ്പുണ്ടെങ്കിൽ അതിൽനിന്നും ജീപ്പിനെ രക്ഷിച്ചെടുക്കും.
വൈകീട്ട് വർക്ക്ഷോപ്പിലെ ജീവനക്കാരെല്ലാം പോയാൽപിന്നെ ജീപ്പുകളുടെ മഹിമ കേൾക്കാനും പറയാനും കാൽനൂറ്റാണ്ട് കാലം വേദപാഠം അധ്യാപികയായിരുന്ന ഭാര്യ ക്ലാരിസാണ് (റീന) കൂട്ട്. പെൺമക്കൾ വിവാഹം കഴിഞ്ഞ് വിദേശരാജ്യങ്ങളിലാണ്.
Tags : NattuVishesham DistrictNews