ചെറായി: അജ്ഞാതനായ ആൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 78,000 രൂപ അപഹരിച്ചതായി പരാതി. കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് ഗോപാലന്റെ (46) എടവനക്കാടുള്ള ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. കെട്ടിട നിർമാണം കരാർ എടുത്തു ചെയ്യുന്ന ഇയാൾ പണിക്കാരന് കൂലിയായി ഗൂഗിൾ പേ വഴി പൈസ അയച്ചെങ്കിലും പോയിരുന്നില്ല. ഫോണിൽ ബാലൻസ് നോക്കിയപ്പോൾ പണം നഷ്ടമായിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ബാങ്കിൽ അന്വേഷിച്ചപ്പോൾ അന്ന് തന്നെ 78,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നാണ് ജീവനക്കാർ അറിയിച്ചു. എന്നാൽ താൻ ആർക്കും ഈ ദിവസങ്ങളിൽ പണം അയച്ചിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്.
രണ്ട് മാസം മുമ്പാണ് ഈ സംഭവം നടന്നതെങ്കിലും ബാങ്ക് കയറി ഇറങ്ങിയിട്ടും നാളിതുവരെ പരിഹാരമില്ലാതെ വന്നതോടെ ഗോപാലൻ കഴിഞ്ഞ വ്യാഴാഴ്ച തട്ടിപ്പിനെതിരെ മുനമ്പം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Ernakulam