ആട് തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ.
മറവൻതുരുത്ത്: തെരുവുനായ്ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ നിർധന കുടുംബങ്ങൾ ആട്, കോഴി, താറാവ് വളർത്തൽ ഉപേക്ഷിക്കുന്നു.
മറവൻതുരുത്ത് ഇവടവട്ടത്ത് അയ്യപ്പകൃപയിൽ ലേഖയുടെ ആടിനെ കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ തെരുവുനായക്കൂട്ടം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. വയറിനു പിന്നിൽ ഉണ്ടായ വലിയ മുറിവിൽ നിരവധി തുന്നലിടേണ്ടിവന്നു. പറമ്പിൽ നാല് ആടുകളെ ഒരുമിച്ച് തീറ്റാൻ കെട്ടിയിടത്താണ് തെരുവുനായ്ക്കളെത്തി ആക്രമണം നടത്തിയത്. ആടിന്റെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നതാണ് രക്ഷയായത്.
ഒരുമാസം മുമ്പ് ലേഖയുടെ ഒരു വയസ് പ്രായമുള്ള ആടിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. ലേഖയുടെ നാല് ആടുകൾ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഇതിൽ രണ്ടെണ്ണം ചത്തു. 20 വർഷമായി ലേഖയും കൂലിപ്പണിക്കാരനായ ഭർത്താവ് രാജുവും ചേർന്ന് ഉപജീവനത്തിനായി ആട് വളർത്തുന്നുണ്ട്. വർഷംതോറും ആട്ടിൻകുഞ്ഞുങ്ങളെ വിറ്റ് ഒരുലക്ഷത്തിനടുത്ത് ഈ കുടുംബം വരുമാനം നേടിയിരുന്നു. 11 ആടുകൾ ഉണ്ടായിരുന്ന ഇവർ തെരുവുനായ ആക്രമണം മൂലം ആടുകളുടെ എണ്ണം ഇപ്പോൾ നാലായി ചുരുക്കി.
നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി ഏർപ്പെടുന്ന ആട്, കോഴി, താറാവ് കൃഷികൾ തെരുവുനായ്ക്കളുടെ ശല്യം കടുത്തതോടെ മൃഗസംരക്ഷണ മേഖലയിൽ നിന്ന് കുടുംബങ്ങൾ പിൻവാങ്ങാൻ നിർബന്ധിതരാകുകയാണ്.
ഉൾപ്രദേശങ്ങളിലും പാതയോരങ്ങളിലും ജൈവമാലിന്യ നിക്ഷേപം വർധിച്ചത് തെരുവുനായ്ക്കൾ പെരുകാൻ കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇടവട്ടം നിവാസികളായ വിജിമോൾ, ആതിര, സുധീന തുടങ്ങിയവരുടെ ആടുകളും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അടുത്തകാലത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികൾക്കും വയോജനങ്ങൾക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കൾ ഉപജീവനമാർഗവും ഇല്ലാതാക്കുന്നതിലൂടെ ഗ്രാമീണ മേഖലയിൽ നിർധന കുടുംബങ്ങൾക്ക് വലിയ ജീവിത പ്രതിസന്ധിയാണുണ്ടാകുന്നത്.