ആര്ച്ച്ബിഷപ് മാര് തോമസ് തറയില് സന്ദേശം നല്കുന്നു.
ഭരണങ്ങാനം: സഹനത്തിനു ജീവിതത്തെ വളര്ത്താന് കഴിയുമെന്ന രഹസ്യം തിരിച്ചറിഞ്ഞ്, ധീരതയോടെയും സന്തോഷത്തോടെയും ഈശോയോടു ചേര്ന്നുനിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് അൽഫോൻസാമ്മ ലോകത്തിനു മുഴുവന് പാഠപുസ്തകമായി നിലകൊള്ളുന്നതെന്ന് ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയില്. ഭരണങ്ങാനത്ത് വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാളില് ഇന്നലെ വൈകുന്നേരം വിശുദ്ധ കുര്ബാനയര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ആര്ച്ച്ബിഷപ്.
വിശുദ്ധ അല്ഫോന്സ സഹനങ്ങളെ സ്വീകരിച്ചതു ദൈവത്തിന്റെ സമ്മാനം സ്വീകരിക്കുന്ന ധീരതയോടെയാണ്. സാമൂഹിക തിന്മകള്, മദ്യം, മയക്കുമരുന്ന് ഇവയുടെ അടിമത്തം, പാപകരമായ സാഹചര്യങ്ങള്, സ്വഭാവ ദൂഷ്യങ്ങള് തുടങ്ങിയവയിലൂടെ വരുന്ന സഹനങ്ങള് ഒഴിവാക്കപ്പെടേണ്ടതാണ്. എന്നാല് രോഗം, മരണം, തകര്ച്ച തുടങ്ങി ഒഴിവാക്കപ്പെടാനാകാത്ത സഹനങ്ങള് ദൈവസ്നേഹത്തെ പ്രതി സഹിക്കണം. ഈ സഹനങ്ങളില് ദൈവസാന്നിധ്യമുണ്ട്. പൗരോഹിത്യം, സമര്പ്പിത ജീവിതം, കുടുംബജീവിതം ഇവയിലൂടെ വരുന്ന സഹനങ്ങള് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. ഇവ ഏറ്റെടുക്കേണ്ട സഹനങ്ങളാണ്.
പ്രത്യാശ നഷ്ടപ്പെടാതെ പരുപരുത്ത സാഹചര്യങ്ങളില് വളരാന് വരും തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവുമാണ് വിശുദ്ധ അല്ഫോന്സയെന്നും ആര്ച്ച് ബിഷപ് പറഞ്ഞു. ഫാ. ജോസഫ് പുരയിടത്തില്, ഫാ. ജോസഫ് പള്ളയ്ക്കല് എന്നിവര് സഹകാര്മികരായിരുന്നു.
ഭരണങ്ങാനം ഭക്തിസാന്ദ്രം; പ്രധാന തിരുനാള് ഇന്ന്
ഭരണങ്ങാനം: വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്താല് ഭരണങ്ങാനം ഭക്തിസാന്ദ്രമാകും. തിരുനാള് ആരംഭിച്ചതു മുതല് നാടിന്റെ നാനാ ഭാഗങ്ങളില്നിന്ന് അല്ഫോന്സാ കബറിടത്തിങ്കലേക്കും അല്ഫോന്സാമ്മയുടെ പുണ്യജീവിതത്തിന് സാക്ഷ്യം വഹിച്ച ക്ലാരമഠത്തിലേക്കും വിശ്വാസികളുടെ പ്രവാഹമായിരുന്നു.
അല്ഫോന്സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലേക്ക് ഇന്നലെ വൈകുന്നേരം നടത്തിയ ജപമാല റാലിയില് കത്തിച്ച മെഴുകുതിരിയുമായി അനേകായിരങ്ങളാണ് പങ്കെടുത്തത്.
അല്ഫോന്സാമ്മയുടെ സംസ്കാരവേളയില് പങ്കെടുത്തത് ഏതാനും ആളുകളായിരുന്നെങ്കില് തിരുനാള് ആരംഭിച്ചതുമുതല് ആ സന്നിധിയില് എത്തുന്നത് ജനസമുദ്രമാണ്. കൊടിതോരണങ്ങളാലും പേപ്പല് പതാകകളാലും ദീപാലങ്കാരങ്ങളാലും മനോഹരമായ വീഥിയിലൂടെയാണ് മഠത്തിലേക്ക് പ്രദക്ഷിണമായി നീങ്ങിയത്.
മഠത്തിലേക്ക് അല്ഫോന്സാമ്മയുടെ തിരുസ്വരൂപം എത്തിച്ചപ്പോള് സന്യാസിനികള് കത്തിച്ച മെഴുകുതിരികളേന്തി സ്വീകരിച്ചു. ഫാ.ഡോ. സരീഷ് തൊണ്ടാംകുഴി സന്ദേശം നല്കി.