മണിമലയാറ്റില്‍ പടുതോട് പാലത്തിനു മുകള്‍ഭാഗത്തായുള്ള മണല്‍ശേഖരം.
പത്തനംതിട്ട: പ്രളയദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നദികളിലും തോടുകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണലും ചെളിയും നീക്കം ചെയ്യുന്നതിലേക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പൈലറ്റ് പ്രോജക്ട് നടപ്പാക്കാനുള്ള നടപടികളുമായി ദുരന്തനിവാരണ വിഭാഗം.
പമ്പയിലെ 13, അച്ചന്‍കോവിലാറ്റിലെ ഏഴ് കടവുകളില്‍നിന്നു മണല്‍ വാരുന്നതിനാണ് ദുരന്തനിവാരണ വിഭാഗം പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടിയിരിക്കുന്നത്. നദികളിലെ മണല്‍ശേഖരം പ്രളയത്തിനു കാരണമാകുന്നുവെന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് മണൽ വാരുന്നതിന് അനുമതി നല്‍കാമെന്ന് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് ഉറപ്പു നല്‍കിയത്. പിന്നാലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന മണല്‍ ഓഡിറ്റിംഗില്‍ ജില്ലയില്‍ മണല്‍ വാരാനുള്ള കടവുകള്‍ നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി കത്ത് നല്‍കിയത്. മണല്‍ വാരാന്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പമ്പയില്‍ 6.86ലക്ഷം, അച്ചന്‍കോവിലാറ്റില്‍ 9.42 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ നീക്കം ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. 11 വര്‍ഷമായി നദികളില്‍നിന്നു മണല്‍ വാരുന്നില്ല. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ മണല്‍ ലേലം ചെയ്യുന്നത് കടവുകളുടെ പരിധിയിലുള്ള പഞ്ചായത്തുകളായിരിക്കും.
മണിമലയാറ്റില്‍
തത്കാലം അനുമതിയില്ല
പമ്പ, അച്ചന്‍കോവില്‍ നദികളിലെ തെരഞ്ഞെടുക്കപ്പെട്ട കടവുകളില്‍നിന്നു മാത്രമാണ് നിലവില്‍ മണല്‍വാരാന്‍ അനുമതി തേടിയിരിക്കുന്നത്. എന്നാല്‍ പരിസ്ഥിതി വകുപ്പ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയ ശേഷമേ അനുമതി നല്‍കുകയുള്ളൂവെന്നാണ് സൂചന. 2018 മുതല്‍ തുടര്‍ച്ചയായി പ്രളയം ഉണ്ടാകുന്ന മണിമലയാറ്റിലെ ഒരു കടവും ആദ്യഘട്ടത്തില്‍ മണല്‍ വാരാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മണിമലയാറിന്റെ പല ഭാഗങ്ങളിലും വന്‍തോതില്‍ മണല്ശേഖരമുണ്ട്.
എന്നാല്‍ നദിയുടെ വീതിക്കുറവും നിലവിലെ സാഹചര്യവും മണല്‍വാരലിന് അനുയോജ്യമല്ലെന്നാണ് നിഗമനം. മണല്‍ ഒഴിവായുള്ള പ്രദേശങ്ങളില്‍ അപകടക്കയങ്ങള്‍ മണിമലയാറ്റില്‍ ധാരാളമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മണല്‍ ഓഡിറ്റിംഗിനു വിധേയമായ കടവുകളിലാണ് അനുമതി തേടുന്നത്. നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് നദീതീരവാസികള്ക്കുള്ളത്. തുലാമഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നദികള്‍ വീണ്ടും കരകവിയാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ജൂലൈ 31നു രാത്രിയുണ്ടായ കനത്ത മഴയാണ് പ്രളയമുണ്ടാക്കിയത്. ഒരു മാസംകൂടി കഴിഞ്ഞാല്‍ തുലാവര്‍ഷം പ്രതീക്ഷിക്കാം. 2019, 2021 വര്‍ഷങ്ങളില്‍ തുലാവര്‍ഷക്കാലത്ത് മണിമല അടക്കമുള്ള നദികളില്‍ പ്രളയമുണ്ടായി. തുടര്‍ച്ചയായ പ്രളയങ്ങള്‍ കാരണം കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നദികളിലെ മണല്‍ വാരാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. പിന്നാലെ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വന്നതിനാല്‍ തുടര്‍നടപടികള്‍ പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങുകയായിരുന്നു.