മഞ്ചേരി: കേസുകളുടെ ആധിക്യംമൂലം വീർപ്പുമുട്ടുന്ന എസ്സി-എസ്ടി കോടതിയിൽ നിന്ന് എൻഡിപിഎസ് കോടതിയെ വിഭജിക്കണമെന്ന് പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് കെ. സനിൽകുമാർ ആവശ്യപ്പെട്ടു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് മികച്ച സേവനത്തിന് സംസ്ഥാനത്ത് ഒന്നാംസ്ഥാനം ലഭിച്ചതിന്റെ ആഘോഷച്ചടങ്ങ് മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയത്തിലെ കോണ്ഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്സി-എസ്ടി കേസുകളും മയക്കുമരുന്നു കേസുകളും നിലവിൽ ഒരു കോടതിയിലാണ് പരിഗണിക്കുന്നത്.
ഇത് കേസുകളുടെ തീർപ്പിന് കാലതാമസമെടുക്കുന്നു. പൊന്നാനി താലൂക്ക് നിയമസേവന കമ്മിറ്റിക്ക് മതിയായ ഓഫീസ് കെട്ടിടം ഒരുക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച കളക്ടർ വിആർ. വിനോദ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. ഉമ്മർ, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ടി.ബി. ഫസീല, സംസ്ഥാന ബാർ കൗണ്സിലംഗം അഡ്വ. പി.സി. മൊയ്തീൻ, ജില്ലാ ഗവണ്മെന്റ്പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടോം കെ.തോമസ്, ലീഗൽ സർവീസസ് അഥോറിറ്റിയംഗം കെ. ഭാസ്കരൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സമീർ മച്ചിങ്ങൽ, ലോക്കൽ ലെവൽ കമ്മിറ്റിയംഗം കെ. അബ്ദുൾ നാസർ, വിമൻസ് പ്രൊട്ടക്ഷൻ ഓഫീസർ വി.എസ്. ശ്രുതി, എൽഎഡിസിഎസ് ചീഫ് കെ. റാസിയ, എസ്.ബിജു, എസ്.സതീഷ്, സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് എം. ഷാബിർ ഇബ്രാഹിം, സെക്ഷൻ ഓഫീസർ വി.ജി. അനിത എന്നിവർ പ്രസംഗിച്ചു. സംവാദ സഹായികൾ, പാനൽ അഭിഭാഷകർ, റീട്ടെയ്നർ ലോയർ, പാരാലീഗൽ വോളണ്ടിയർമാർ, ലെയ്സണിംഗ് വകുപ്പ് ഓഫീസർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags : nattu vishesham SC-ST-NDPS courts