കോട്ടയം: സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, കെ. ബിനിമോന്, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്‍, റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, എസ്. ഗോപകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് 8010 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവണ്മെന്റ് എംഎല്‍പി സ്കൂളിലാണ് (145 കുട്ടികള്‍). ആറാം പ്രവൃത്തിദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാല്‍ പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രതീക്ഷ.
പഠന നിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍
ജില്ലയില്‍ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കും. പ്രതിഭാധനരായ കുട്ടികള്‍ക്കായി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം, ട്രൈബല്‍ വിദ്യാര്‍ഥികള്‍ (ഇരുപതില്‍ കൂടുതല്‍ കുട്ടികള്‍) ഉള്ള വിദ്യാലയങ്ങള്‍ക്കായി പ്രത്യേക എൻറിച്ച്മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികള്‍ക്കായി ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം, പഠനനിലവാരത്തില്‍ പിറകില്‍ നില്ക്കുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കള്‍ക്കായി നമുക്കൊന്നിച്ചു പഠിക്കാം പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീന്‍സ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികള്‍, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്‍, മോഡല്‍ ഇന്‍ക്ലൂസീവ് സ്കൂളുകള്‍, സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം, ഇന്‍സ്പെയര്‍ എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വര്‍ഷം നടപ്പാക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും വിവിധ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.