അമ്പലപ്പുഴയിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നു.
അമ്പലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ ബസുകളുടെ പരിശോധനയുടെ ഭാഗമായി അമ്പലപ്പുഴയിൽ 46 വാഹനങ്ങൾ പരിശോധിച്ചു. ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായാണ് സ്കൂൾ സുരക്ഷാ സ്പെഷൽ ഡ്രൈവ് എന്ന പേരിൽ പോലീസ് വ്യാപക പരിശോധന നടത്തിയത്.
ഡ്രൈവർമാരുടെ പരിശോധന കൂടാതെ സ്കൂൾ ബസുകളുടെ ഫിറ്റ്നസും പരിശോധിക്കുന്നുണ്ട്. രാവിലെ ആറു മുതൽ തുടങ്ങിയ പരിശോധന 10 വരെ നീണ്ടു. സർക്കാർ, സ്വകാര്യസ്കൂളുകളിലെ എല്ലാ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. അമ്പലപ്പുഴയിൽ 46 വാഹനങ്ങൾ പരിശോധിച്ചു. പരിശോധനയിൽ ഒരു സ്കൂളിലെ ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
പിന്നീട് ഇയാൾക്കെതിരേ കേസെടുത്തു. തുടർന്ന് മറ്റ് ഡ്രൈവർമാർ ഇല്ലാത്തതിനാൽ രതീഷ് എന്ന പോലീസുകാരനാണ് കുട്ടികളെ ഈ ബസിൽ സ്കൂളിലെത്തിച്ചത്.
സ്കൂൾ വാഹനങ്ങൾ കൂടാതെ ഓട്ടോറിക്ഷകളിൽ വിദ്യാർഥികളെ കുത്തിനിറച്ചു കൊണ്ട് പോകുന്നതും പരിശോധിച്ചു.
ഇതു കൂടാതെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകളുമായെത്തിയ ലോറികളിൽ ലഹരിവസ്തുക്കളുണ്ടോ എന്നും പരിശോധനക്ക് വിധേയമാക്കി. ശക്തമായ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും പോലീസ് അറിയിച്ചു.
Tags : Nattuvishesham Local News School vehicle inspection 46 vehicles