ഓടി രക്ഷപ്പെട്ട വിരുതന്റെ സിസിടിവി ദൃശ്യം.
പയ്യന്നൂര്‍: സ്ഥാപനത്തിലെ ജീവനക്കാര്‍ ജാഗ്രതൈ! തട്ടിപ്പിന്റെ പുതിയ രൂപവുമായി വിരുതന്മാര് ഇറങ്ങിയിട്ടുണ്ട്. സ്ഥാപന ഉടമ വിളിച്ചുപറഞ്ഞതാണെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണമെടുത്ത് ഓടിയ വിരുതനായി പൊലിസ് തെരച്ചില്‍ തുടരുന്നു. സ്ഥാപനയുടമയും ജീവനക്കാരിയും നല്കിയ പരാതിയില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കാസര്‍ഗോഡ് കുന്നുംകൈ സ്വദേശി ജിന്‍സിന്റെ ഉടമസ്ഥതയിലുള്ള കെസ്റ്റര്‍ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരി മാതമംഗലത്തെ നിവ്യ ഭക്ഷണം കഴിക്കുമ്പോഴാണ് ഒരാൾ സ്ഥാപനത്തിലേക്കെത്തുന്നത്. ജിന്‍സ് പിലാത്തറയിലെ ഓഫിസിലാണെന്നു പറഞ്ഞപ്പോള്‍ ജിന്സിനെയാണെന്ന മട്ടില്‍ ഫോണെടുത്തു വിളിച്ചു. പിന്നീട് ജയകുമാര്‍ എന്നയാള്‍ വരുമെന്നും 27,000 രൂപ തരുമെന്നും വാങ്ങിവയ്ക്കണമെന്നും പറയുന്നു. ഒപ്പം ഫോണില്‍ സംസാരിക്കുന്ന മട്ടില്‍ ഇവിടെ രണ്ടായിരം രൂപയുണ്ട് അത് തരാന്‍ ബോസ് പറഞ്ഞുവെന്നും പറയുന്നു.
മേശയില്‍ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞപ്പോള്‍ ഒന്നുകൂടി നോക്കിയേ എന്നായി വിരുതൻ. ജീവനക്കാരി മേശയുടെ മുകളില്‍വച്ച് പണമെണ്ണിക്കാണിച്ചു. പിന്നീട് അത് തന്നേക്ക് 27,000 കൊണ്ടുവരുമ്പോള്‍ അതില്‍നിന്ന് കുറയ്ക്കാമെന്നും പറഞ്ഞു. ഇതിനിടെ വിവരം പറയാനായി ജീവനക്കാരി ജിന്‍സിനെ ഫോണില്‍ വിളിക്കുന്നതിനിടയില്‍ പെട്ടെന്ന് മേശപ്പുറത്തിരുന്ന പണമെടുത്ത് ഇയാൾ ഓടുകയായിരുന്നു. സിസിടിവി കാമറയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Tags : trickster NattuVishasham DistrictNews