ടി. ഫസലുദ്ദീൻ
ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗാമായി പോലീസ് നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്ന മയക്കുമരുന്നെത്തിച്ച് തട്ടു കടയുടെ മറവിൽ വില്പന നടത്തി വന്നയാൾ അറസ്റ്റിൽ. കരിക്കോട്ടക്കരി വളയങ്കാട് സ്വദേശി ടി. ഫസലുദ്ദീനെയാണ് (44) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മംഗളരൂവിൽ നിന്ന മെത്താംഫെറ്റാമിൻ ഉൾപ്പടെ കേരളത്തിലെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരൻ കൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഇരിട്ടി എസ്എച്ച്ഒ വി.സജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ഡെന്നി ഏബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഫസലുദ്ദീനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഫോൺ കോൾ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അന്തർസംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. പ്രതി പലതവണയായി ബംഗളൂരുവിൽ നിന്ന് മെത്താംഫെറ്റാമിൻ കേരളത്തിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.സബ് ഇൻസ്പെക്ടർ പി.കെ. വിജയൻ, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിഹാബ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.
ജൂൺ 22 ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിനും ഇരിട്ടി പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ മെത്താംഫെറ്റാമിൻ കടത്തുന്നതിനിടെയായിരുന്നു ഡെന്നി ഏബ്രഹാം പിടിയിലായത്.
വിദേശത്തും ബംഗളൂരുവിലും കേസുകൾ
2006ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ കേസിൽ ഏകദേശം പത്ത് വർഷം സൗദി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ മോചനദ്രവ്യം നൽകിയ ശേഷമാണ് ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചെത്തിയത്.
തുടർന്ന് 2023ൽ ബംഗളൂരുവിൽ സുഹൃത്തിന്റെ ചായക്കടയിൽ ജോലി ചെയ്യുന്നതിനിടെ 50 കിലോഗ്രാം കഞ്ചാവ് വിൽപന നടത്തിയതിന് മൂന്ന് വർഷത്തോളം ബംഗളൂരുവിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായ ശേഷം 2026ലാണ് നാട്ടിലെത്തിയത്.
Tags : Local News Nattuvishesham Selling drugs arrested