പാലാ: വാഹനാപകടത്തില്‍ മസ്തിഷ്കത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ 31 വയസുകാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ പുനര്ജന്മം. ട്രോമാറ്റിക് ബ്രെയിന്‍ ഇന്ജുറിക്കൊപ്പം രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങള്‍ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകള്‍, സുഷുമ്ന നാഡിക്ക് അമര്‍ച്ച, ശ്വാസകോശത്തിനും വാരിയെല്ലിനും പരിക്കുകള്‍, ഇടുപ്പെല്ലിനും കാലിനും ഒടിവുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയനാക്കി. തലയോട്ടിയിലെ മര്‍ദം കുറയ്ക്കുന്നതിനായി തലയോട്ടിയുടെ പിന്‍ഭാഗത്തെ അസ്ഥി മാറ്റുകയും തലച്ചോറിലെ ദ്രാവകത്തിന്റെ മര്‍ദം നിയന്ത്രിക്കാന്‍ വി.പി ഷണ്ട് സ്ഥാപിക്കുകയും ചെയ്തു.
നട്ടെല്ലിലെ ഒടിവുകള്‍ പരിഹരിക്കുന്നതിനായി അത്യാധുനിക മിനിമലി ഇന്‍വേസീവ് സ്പൈനല്‍ ഫിക്സേഷന് ശസ്ത്രക്രിയയും കാലിലെയും ഇടുപ്പിലെയും ഒടിവുകള്‍ക്കുള്ള ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കി. തീവ്രപരിചരണ വിഭാഗത്തിലെ ദീര്‍ഘനാളത്തെ ചികിത്സയ്ക്കും മള്‍ട്ടി ഡിസിപ്ലിനറി കെയറിനും ശേഷം രോഗി പൂര്‍ണമായി ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ.എം. കെ. സരീഷ് കുമാര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവ്, സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കെ.പി. മഞ്ജുരാജ്, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ജിബിന്‍ കെ.തോമസിന്റെയും ന്യൂറോളജി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു ചികിത്സ.