തുറവൂർ - ആനപ്പാറ റൂട്ടിലെ ഗതാഗതക്കുരുക്ക്.
അങ്കമാലി : തുറവൂർ-ആനപ്പാറ റൂട്ടിൽ ഗതാഗതകുരുക്ക് പതിവാകുന്നു. തുറവൂർ ജംഗ്ഷൻ മുതൽ സർവീസ് സഹകരണ ബാങ്ക് വരെയുള്ള പ്രദേശത്താണ് ഗതാഗതകുരുക്ക് രൂക്ഷമാകുന്നത്. പഞ്ചായത്ത് ഓഫീസ്, അക്ഷയകേന്ദ്രം, സർവീസ് സഹകരണ ബാങ്ക്, സെന്റ് അഗസ്റ്റിൻ പള്ളി, പാരിഷ് ഹാൾ, റൈസ് മില്ലുകൾ, മൂക്കന്നൂർ, ദേവഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.
അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. രാവിലെ 5.30 മുതൽ രാത്രി വരെ ലോറികൾ സർവീസ് നടത്തുന്നുണ്ട്. കാൽനട യാത്രക്കാർക്കും ഇത് ദുരിതം തീർക്കുന്നു.
സ്കൂൾ സമയങ്ങളിലും നിയമം തെറ്റിച്ച് ചില ലോറികൾ ഇതുവഴി ഓടുന്നുണ്ട്. കണ്ടെയ്നർ ലോറി ഉൾപ്പെടെ അരി മില്ലുകളിലേക്കുള്ള വലിയ ലോറികളും കടന്നു പോകുന്ന റോഡാണിത്. കാന ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർക്ക് നടക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.
മഞ്ഞപ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഈ റൂട്ടിലേക്ക് തിരിയുന്നതിനും ഈ റൂട്ടിൽ നിന്നും മഞ്ഞപ്ര റോഡിലേക്ക് കടക്കുന്നതിനും എറെ പ്രയാസപ്പെടുന്നു. ഈ റൂട്ടിൽ തന്നെ പഞ്ചായത്ത് ഓഫീസിന് സമീപം ഭാരം കയറുന്ന ഓട്ടോകളുടെ സ്റ്റാൻഡും ഉണ്ട്.