കൽപ്പറ്റ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ഇന്ന് സ്പെഷൽ ഡ്രൈവ് നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധനയും കിണറുകളിൽ ക്ലോറിനേഷനും നടത്തും.
ഷിഗെല്ല സ്ഥിരീകരിച്ചിന് ശേഷമുള്ള തുടർപ്രവർത്തനങ്ങളും അവയുടെ ഏകോപനവും ഉറപ്പുവരുത്താൻ യോഗത്തിൽ തീരുമാനമായി. ശുചിത്വം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ അച്ചടിച്ച് എല്ലാ സ്കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കും.
നെൻമേനി പഞ്ചായത്തിന് പുറമെ നൂൽപ്പുഴ, അന്പലവയൽ പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബൽ വകുപ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും പങ്കെടുത്ത യോഗത്തിൽ സ്കൂളുകളുടെയും വീടുകളുടെയും ഉന്നതികളുടെയും നിരീക്ഷണം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള മറ്റ് കുട്ടികൾ പഠിക്കുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
11 സ്കൂളുകളും ഒരു എൻജിനീയറിംഗ് കോളജുമാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്തുകയും മെഡിക്കൽ സംഘങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യും.
ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഉടൻ മെഡിക്കൽ സംഘങ്ങളുമായി ബന്ധപ്പെടുത്തി അടിയന്തര ഇടപെടലുകളുണ്ടാവും. നിലവിൽ പഞ്ചായത്തുകൾക്ക് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ ഇതിനോടകം കൈമാറിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ ജില്ലാഭരണകൂടവും പഞ്ചായത്തുകളും ചർച്ച ചെയ്ത് അത് ലഭ്യമാക്കും.
ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികൾ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവിലുണ്ട്. സ്കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ലക്ഷണങ്ങൾ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
ആശുപത്രികളിലുള്ളത് 58 പേർ
സുൽത്താൻ ബത്തേരി: പനി, ഛർദി, വയറിളക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്.
ഇവരിൽ 470 പേരും സ്കൂൾ വിദ്യാർഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു. രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു.
ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ. മുരളീധരൻ
സുൽത്താൻ ബത്തേരി: ഷിഗല്ല രോഗബാധ സംബന്ധിച്ച് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കാൻ മന്ത്രി നിർദേശം നൽകി. വൃത്തിഹീനമായി പ്രവൃത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി.
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ലഭ്യമാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പൊതുശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ ഐ.സി. ബാലകൃഷണൽ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടർ അതുൽ സാഗർ, ഡിഎംഒ ഡോ. കെ.ടി. രേഖ, ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad