തൊടുപുഴ: പകർച്ചപ്പനിക്ക് പുറമേ ഷിഗെല്ലകൂടി സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ അതീവ ജാഗ്രത. കഞ്ഞിക്കുഴി പഞ്ചായത്തില്‍ രണ്ടു കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇതിനു പുറമേ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കൂടാതെ വ്യാപകമായ തോതില്‍ വൈറല്‍പനിയും മലയോരത്ത് പിടിപെട്ടിരിക്കുകയാണ്.
നാലര വയസുകാരിക്കും ഒമ്പതു വയസുകാരനുമാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജിലും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ഇവര്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ മാത്രം 467 പേര് വൈറല്‍പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജൂൺ മാസത്തിൽ മാത്രം 5,142 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. ഈ മാസം മൂന്നു പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ഈ വർഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 32 ആയി. 20 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഒരാൾ മരിക്കുകയും ചെയ്തു.
ജൂൺ മാസത്തിൽ മാത്രം 25 പേര് മലേറിയ ബാധിതരായിട്ടുണ്ട്. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 163 ആയി. ഇതില്‍ കൂടുതലും ഇതര സംസ്ഥാനക്കാരാണ്. 43 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോൾ ഒരാൾ മരിച്ചു. 825 പേർക്ക് വയറിളക്കവും 17 പേർക്ക് ചിക്കൻപോക്സും നാലു പേര്‍ക്ക് ടൈഫോയ്ഡും റിപ്പോർട്ട് ചെയ്തു.
ഷിഗെല്ലയ്ക്കെതിരേ
ജാഗ്രത വേണം
ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന വയറിളക്കരോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസര്‍ജ്യത്തിലൂടെ വരുന്ന രോഗാണു മലിനമായ ആഹാരം, ജലം, രോഗീപരിചരണം എന്നിവയിലൂടെയാണ് പകരുന്നത്. പനി, വയറിളക്കം, ഛര്‍ദി, രക്തം കലര്‍ന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയില്‍ പോകണമെന്ന തോന്നല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.
പ്രതിരോധം
ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങൾ, ഹോസ്റ്റലുകള്‍, തട്ടുകടകള്‍, മറ്റു ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി.
Tags : Shigella Nattuvishesham District News