കോഴിക്കോട്:കല്ലുത്താൻകടവിലെ ശിവദാസന്റെ നാണയശേഖരത്തിലേക്ക് അമേരിക്കയിലെ ടെക്സസിൽ നിന്ന് ഒരു അപൂർവ സമ്മാനം പറന്നത്തെി.
2026 ഫിഫ ലോകകപ്പ് സ്മാരകമായി സോളമൻ ദ്വീപുകൾ പുറത്തിറക്കിയ ഹാഫ് ഡോളർ പ്രൂഫ് ഫിനിഷ് സ്മാരക നാണയങ്ങളാണ് ദേശങ്ങള്‍ കടന്നെത്തിയത്. കല്ലുത്താൻകടവിൽ പ്രവർത്തിക്കുന്ന കമല ഹോട്ടല്‍ ഉടമയാണ് ശിവദാസൻ. അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ അയൽവാസിയുടെ മകൻ രാഹുലാണ് ഈ നാണയം അദ്ദേഹത്തിന് സമ്മാനമായി കൊടുത്തയച്ചത്.
ലോകകപ്പ് ഫുട്ബോളിന്റെ സ്മാരകമായാണ് ഓരോ തവണയും ഈ നാണയം പുറത്തിറക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് സോളമൻ ദ്വീപുകളുടെ രാഷ്ട്രത്തലവനായ ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്താകട്ടെ ഫിഫ വേൾഡ് കപ്പ് ട്രോഫിയുടെ രൂപവും.
37 ഗ്രാം ഭാരവും 44 മില്ലീമീറ്റർ വ്യാസവുമാണ് നാണയങ്ങള്ക്കുള്ളത്.ഇത് കുപ്രോനിക്കൽ ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി ആകെ 10,000 നാണയങ്ങൾ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 1930 മുതലുള്ള ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നാണയങ്ങൾ പുറത്തിറക്കാറുണ്ട്. 1930 മുതൽ 1970 വരെയുള്ള നാണയങ്ങളിൽ പഴയ ലോകകപ്പിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്.
970ന് ശേഷം ഇപ്പോഴുള്ള ലോകകപ്പിന്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്.ഫുട്ബോളുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കളുടെ ശേഖരണം ശിവദാസനുണ്ട്. ഇത് അറിയാവുന്ന രാഹുൽ ഈ സവിശേഷ നാണയങ്ങൾ ശിവദാസന്‍ സമ്മാനമായി നൽകുകയായിരുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗുകളും മറ്റും അദ്ദേഹം നിധി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഇതിന് പുറമെ ചരിത്ര രേഖകളും പുരാവസ്തുക്കളും നാണയങ്ങളും പോസ്റ്റൽ സ്റ്റാംപുകളും ശേഖരിക്കുന്നത് ഹോബിയാണ് ഈ അപൂർവ ശേഖരങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.കേരളത്തിനകത്തും പുറത്തുമായി നടന്ന നിരവധി പുരാവസ്തു-നാണയ-സ്റ്റാംപ് പ്രദർശനങ്ങളിൽ ശിവദാസൻ പങ്കെടുത്തിട്ടുണ്ട്. ശിവദാസന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി ജീവിതസഖി ബേബിയും മക്കളായ ഷിബിൻ, ഷിബില എന്നിവരുമുണ്ട്.
Tags : Shivadasan's coin collection