ബസുടമ ബി. ഒ. ഡേവിസ് ഭക്ഷ്യക്കിറ്റുകൾ നൽകുന്നു .
അങ്കമാലി : കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ ആലുവ- മാഞ്ഞാലി റൂട്ടിലെ ലിറ്റിൽ ഫ്ലവർ ബസിന് ഉച്ചസമയത്ത് ട്രിപ്പ് മുടക്കിയതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ച പിഴത്തുക അടയ്ക്കുന്നതിന് പകരം ഇതിനായി സമാഹരിച്ച കൊണ്ട് വിവിധ ബസ് ജീവനക്കാരായ 22 പേർക്ക് ഭക്ഷ്യക്കിറ്റ് നൽകി ബസുടമ. 7500 രൂപയാണ് എംവിഡി പിഴ തുകയായി നിശ്ചയിച്ചിരുന്നത്.
സ്വകാര്യ ബസ് മേഖല പ്രതിസന്ധി നേരിടുമ്പോഴും ഉദ്യോഗസ്ഥരുടെ ഈ രീതിയിലുള്ള നടപടിക്കെതിരെ ഒരു രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് ആവശ്യപ്പെട്ട് ബസുടമ ബി. ഒ. ഡേവിസ് സാമൂഹ്യ മാധ്യമങ്ങൾ വഴി സഹായം തേടുകയും ഇതേ തുടർന്ന് നിരവധി പേർ സഹായിക്കാൻ മുന്നോട്ടു വരികയുമായിരുന്നു.
ഇത്തരത്തിൽ ലഭിച്ച തുകകൊണ്ട് പിഴ അടയ്ക്കുന്നതിനു പകരം തന്നേക്കാൾ കഷ്ടത്തിലായതും തൊഴിൽ നഷ്ടപ്പെട്ടതും മുഴുവൻ വേതനവും ലഭിക്കാത്തതുമായ ജീവനക്കാർക്കാണ് ഭക്ഷ്യകിറ്റ് നൽകിയത്. പിഴ അടയ്ക്കാൻ തനിക്ക് ഇനിയും സാവകാശം ഉണ്ടെന്നും ഉദ്യോഗസ്ഥർ കരുണ കാണിച്ച് പിഴ പൂർണമായും ഒഴിവാക്കി തരുമെന്ന വിശ്വാസത്തിലുമാണ് ഇദ്ദേഹം.
ബസിന്റെ പിഴ ഒടുക്കുന്ന ആവശ്യത്തിലേക്കായി ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്ന് ഡേവിസ് പറഞ്ഞു. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി എറണാകുളത്ത് യോഗം ചേർന്നപ്പോഴും അതിൽ പങ്കെടുത്ത് ഇന്ദിര ഗ്യാരണ്ടി പദ്ധതി മൂലം സ്വകാര്യബസ് മേഖല നേരിടുന്ന പ്രയാസങ്ങൾ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Tags : Bus owner Nattuvishesham DistrictNews