കുട്ടന് തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിന് മുന്നില്‍.
നിലമ്പൂര്‍: തെങ്ങില്‍നിന്നുള്ള വീഴ്ച...അതാണ് പണപ്പൊയില്‍ ആദിവാസി നഗറിലെ 55കാരനായ കുട്ടനെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിട്ട് 22 വര്‍ഷമായി. ഏകാന്ത ജീവിതത്തില്‍ കൂട്ടിന് തീരാദുരിതം മാത്രം. പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കഴിയുന്ന ഈ മനുഷ്യന് സര്‍ക്കാറോ തദ്ദേശ സ്ഥാപനങ്ങളോ കൈത്താങ്ങായി ഇതുവരെ എത്തിയിട്ടുമില്ല.
ചാലിയാര്‍ പഞ്ചായത്ത് ജനപ്രതിനിധികളോ ഐറ്റിഡിപി അധികൃതരോ ഒരു കൈസഹായവുമായി എത്താതിരിക്കില്ലെന്ന പ്രതീക്ഷ ബാക്കിയുണ്ട് ഈ മനുഷ്യന്. പഞ്ചായത്ത് 2007ല്‍ നിര്‍മിച്ചുനല്‍കിയ വീട് കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്. പകുതി ഭാഗവും പൊട്ടിപ്പൊളിഞ്ഞു. കഴുക്കോലുകള്‍ ദ്രവിച്ചും ഓടുകള്‍ പൊട്ടി വീണും തകര്‍ച്ചയിലാണ്. ഏതുനിമിഷവും നിലം പൊത്തുമെന്നതിലാണ് ആശങ്ക. മേല്‍ക്കൂര പലയിടത്തും ചോരുന്നതിനാല്‍ മഴയത്ത് വീടിന്റെ തിണ്ണയിലാണ് കിടപ്പ്.
2004 ലാണ് കുട്ടന്റെ ജീവിതത്തിലെ ദുരന്തമുണ്ടായത്. മുന്‍പ് കളക്ടര്‍ക്ക് കുട്ടന് നിവേദനം നല്‍കിയിരുന്നു. റോഡ് അരികിലുള്ള ഭാഗത്ത് വീട് നിര്‍മിച്ച് നല്‍കാമെന്നായിരുന്നു കളക്ടറുടെ മറുപടി. എന്നാല്‍ വീടും, മുചക്ര വാഹനവും ഇതുവരെ ലഭിച്ചില്ല. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള റേഡിയോയിലൂടെയാണ് കുട്ടന് പുറംലോകവുമായുള്ള ഏക ബന്ധം.
എന്നാല്‍ ഈ റേഡിയോയിലേക്കുള്ള ബാറ്ററി വാങ്ങാന്‍ പോലും പണമില്ലാത്ത ദുരവസ്ഥയിലാണ് ഇദ്ദേഹം. സമീപത്ത് താമസിക്കുന്ന സഹോദരി നല്കുന്ന ഭക്ഷണമാണ് തന്റെ ജീവന് നിലനിര്‍ത്തുന്നതെന്ന് കുട്ടന് പറയുന്നു.
ആദിവാസി ക്ഷേമത്തിനായി പ്രത്യേക വകുപ്പും കോടികളുടെ ഫണ്ടും ഉള്ളപ്പോഴാണ് 22 വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ആദിവാസിയുടെ ദുരിത ജീവിതം.
Tags : Nattuvishesham DistrictNews