പ്രതീകാത്മക ചിത്രം
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ ആദിവാസി യുവതിയുടെയും നവജാത ശിശുവിന്റെയും ജീവൻ രക്ഷിച്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം. നേരത്തേ രണ്ട് സിസേറിയൻ ശസ്ത്രക്രിയകൾക്ക് വിധേയയായ 25 വയസുള്ള ചീരക്കുഴി നഗറിലെ ആദിവാസി യുവതിയെയാണ് ഗർഭാശയം പൊട്ടിയ നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരം പ്രവേശിപ്പിച്ചത്.
പരിശോധനാരേഖകളൊന്നും ഇല്ലാതെയാണ് യുവതി ആശുപത്രിലെത്തിയത്. പരിശോധനയിൽ ഗർഭാശയം പൊട്ടി, കുഞ്ഞ് വയറിനുള്ളിലായതായി കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ സംഘം ഉടനടി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. സ്ത്രീരോഗ-പ്രസവ വിഭാഗത്തിലെ ഡോ. ലക്ഷ്മി രാജ്മോഹന്റെ നേതൃത്വത്തിൽ അനസ്തീഷ്യ വിഭാഗത്തിലെ ഡോ. ശ്രീകാന്ത്, ഡോ. ഫാസിൽ, ശിശുരോഗ വിഭാഗത്തിലെ ഡോ. മുജീബ്, ലേബർ റൂമിലെ ഡോ. അനീസ എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
ശസ്ത്രക്രിയ തിയേറ്ററിലെ നഴ്സിംഗ് ഓഫീസർമാരായ സുധ, സിന്ധു, ബിനി എന്നിവരും ഓപറേഷൻ തിയേറ്റർ ടീമും ലേബർ റൂം നഴ്സിംഗ് ഓഫീസർമാരായ ബിന്ദു, രജനി എന്നിവരും നിർണായക പങ്കുവഹിച്ചു.
അടിയന്തര ശസ്ത്രക്രിയയിലൂടെ നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെ നവജാതശിശുതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മാതാവ് അപകടനില തരണം ചെയ്തതോടെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.