ഷോളയാർ ഡാം
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളിൽ സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സൗകര്യം ഉറപ്പാക്കാൻ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (പിഎസ്എസ്പി) നേതൃത്വത്തിൽ ഫിലാന്ത്രോപിക് പിന്തുണയോടെ നടപ്പാക്കുന്ന ഷോളയൂർ ഇന്റഗ്രൽ ട്രൈബൽ വാട്ടർസപ്ലൈ സ്കീം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് ആനക്കട്ടി നമത്തിടം ഹാർമണി ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര പദ്ധതി രൂപരേഖ പ്രകാശനം ചെയ്യും. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതിയിലൂടെ പൂർണമായ കുടിവെള്ളലഭ്യത ഉറപ്പാക്കാൻ കഴിയാത്ത 26 ആദിവാസി ഊരുകളെ കേന്ദ്രീകരിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 10 ഊരുകളിലെ 620 കുടുംബങ്ങൾക്ക് നേരിട്ട് കുടിവെള്ളസൗകര്യം ലഭ്യമാക്കും. ജലസംഭരണ സംവിധാനങ്ങളുടെ നവീകരണം, പുതിയ ഒഎച്ച്ടികളും ജലസംഭരണികളും നിർമിക്കൽ, കിണർ- കുഴൽകിണർ പുനരുദ്ധാരണവും റീചാർജിംഗും, പൈപ്പ് ലൈൻ മെച്ചപ്പെടുത്തൽ, ഗാർഹിക ടാപ്പ് കണക്്ഷനുകൾ, സോക്പിറ്റുകൾ, ജലഗുണനിലവാര പരിശോധന, ക്ലോറിനേഷൻ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
കൂടാതെ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ 75,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണ സംവിധാനവും സജ്ജമാക്കും. പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഊരുതല ജലസുരക്ഷാ സമിതികൾ രൂപീകരിച്ച് ജലസംരക്ഷണം, ശുചിത്വം, കാര്യക്ഷമമായ ജലവിനിയോഗം എന്നിവയിൽ പരിശീലനം നൽകും.
തെരഞ്ഞെടുത്ത ആദിവാസി യുവാക്കൾക്ക് പ്ലംബിംഗ് നൈപുണ്യ പരിശീലവും നിരന്തര മോണിറ്ററിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങളും നൽകും.
ചടങ്ങിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേൽ, ഐടിഡിപി ഓഫിസർ വി.കെ. സുരേഷ്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാർ, പ്രോഗ്രാം മാനേജർ കെ.ഡി. ജോസഫ്, ഷോളയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകരാജ് തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഫാ. സീജോ കാരിക്കാട്ടിൽ, പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, പിഎസ്എസ്പി പ്രോഗ്രാം മാനേജർ പി. ബോബി, ടെക്നിക്കൽ ഓഫീസർ പ്രസൂണ് മംഗലത്ത് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Sholayur