അരുവിത്തുറ: സെന്റ് ജോർജ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദി എംപ്ലോയബിലിറ്റി എഡ്ജ്' ദ്വിദിന സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി.
തൊഴിൽരംഗത്ത് വിജയിക്കാനാവശ്യമായ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ സ്കിൽ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങ് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സജ്ജരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ആൻഡ് കോഴ്സ് കോ-ഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് സന്ദേശം നൽകി. പാലാ സെന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കരിയർ ഹൈറ്റ്സ് ഡയറക്ടറുമായ പ്രഫ. ടോമി ചെറിയാൻ, കരിയർ ഹൈറ്റ്സ് പാലാ ഡയറക്ടർ ജോർജ് കരുണയ്ക്കൽ, കോർപറേറ്റ് ട്രെയിനർമാരായ ജിൻസി ജോസഫ്, ഷീന മറിയം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കൊമേഴ്സ് വിഭാഗം അസി. പ്രഫസറും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. മിഥുൻ ജോൺ നേതൃത്വം നൽകി.
Tags : Nattuvishesham Local news St. George's College Aruvithura