ജടായു എര്‍ത്ത് സെന്റർ
ജില്ലയുടെ കിഴക്കന്‍ മേഖല പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇക്കോ-അഡ്വഞ്ചര്‍ ടൂറിസത്തിന് സംസ്ഥാനത്തുതന്നെ ഏറ്റവും മികച്ച സാധ്യതകളുള്ള ജില്ലകളിലൊന്നാണിത്. കാടും മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വനമേഖലകളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ ട്രെക്കിംഗ് പാതകള്‍ തുറക്കുകയും മലയോര ഗ്രാമങ്ങളിലേക്ക് വില്ലേജ് സ്റ്റേകള്‍ വ്യാപിപ്പിക്കുകയും ചെയ്താല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ഇക്കോ-അഡ്വഞ്ചര്‍ ഹബ്ബായി കൊല്ലം ജില്ലയെ മാറ്റാന്‍ സാധിക്കും.
ജടായു എര്‍ത്ത് സെന്റര്‍
ചടയമംഗലത്തുള്ള ജടായുപ്പാറ സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ജടായുവിന്റെ ശില്പം കാണാന്‍ മാത്രമായി കോടിക്കണക്കിന് ആളുകളെ ആകര്‍ഷിക്കാനുള്ള കെല്‍പ്പ് ഈ കേന്ദ്രത്തിനുണ്ട്. ഒരു ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടിയായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇതൊരു വലിയ ബ്രാന്‍ഡാണ്.
ഭീമാകാരമായ പ്രകൃതിദത്ത പാറക്കെട്ടുകള്‍ക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പെയിന്റ് ബോള്‍, ലേസര്‍ ടാഗ്, റോക്ക് ക്ലൈംബിംഗ്, സിപ് ലൈന്‍, റാപ്പല്ലിംഗ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ് തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടെ വലിയ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേബിള്‍ കാര്‍ സംവിധാനങ്ങളിലൊന്ന് ഇവിടെയുണ്ട്.
കൂടാതെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനും ഇതിന് സാധിക്കും. രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള സ്ഥലമാണിത്. ശില്പത്തിനുള്ളില് ഒരു മ്യൂസിയവും ഡിജിറ്റല്‍ തിയേറ്ററും ഒരുക്കാനും പാറമുകളിലെ കോദണ്ഡരാമ ക്ഷേത്രം വഴി തീര്‍ഥാടകരെ ആകര്‍ഷിക്കാനുമുള്ള വലിയ സാധ്യതയുണ്ട്.
പാറക്കെട്ടുകള്‍ക്ക് മുകളിലെ ടെന്റ് ക്യാമ്പിംഗ്, രാത്രികാല ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ എന്നിവ വഴി 24 മണിക്കൂറും സജീവമായ ഒരു ടൂറിസം കേന്ദ്രമാക്കി ജടായു എര്‍ത്ത് സെന്ററിനെ മാറ്റാം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) പ്രശസ്ത ചലച്ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് പരിപാലിക്കുന്ന ഈ കേന്ദ്രം വലിയൊരു വിജയ മാതൃകയാണ്. വളരെ പെട്ടെന്ന് തന്നെ ജടായുപ്പാറ ലോകശ്രദ്ധ നേടി. ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ റീലുകളും ചിത്രങ്ങളും പങ്കുവെക്കപ്പെടുന്ന ഒരു പ്രധാന ലൊക്കേഷനും ജടായു എര്‍ത്ത് സെന്ററാണ്.
എന്നിരുന്നാലും സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഇവിടുത്തെ കേബിള്‍ കാര്‍ യാത്രയും അഡ്വഞ്ചര്‍ പാക്കേജുകളും പലപ്പോഴും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇത് ഒരു വലിയ വിഭാഗം തദ്ദേശീയ സഞ്ചാരികളെ അകറ്റി നിര്‍ത്തുന്നു. ആദ്യ ഘട്ടത്തില്‍ വിഭാവനം ചെയ്ത ഡിജിറ്റല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ഹെലി-ടൂറിസം പദ്ധതികള്‍ എന്നിവ പൂര്‍ത്തിയായിട്ടില്ല.
തിരുവനന്തപുരം-ചെങ്കോട്ട പാതയ്ക്ക് സമീപമാണെങ്കിലും റെയില്‍വേ സ്റ്റേഷനില്‍നിന്നോ എയര്‍പോര്‍ട്ടില്‍നിന്നോ ടൂറിസ്റ്റുകള്‍ക്ക് നേരിട്ട് ജടായുപ്പാറയിലേക്ക് മാത്രമായി എളുപ്പത്തില്‍ എത്തിച്ചേരാനുള്ള മികച്ച പൊതുഗതാഗത സംവിധാനങ്ങളും പാക്കേജുകളും കുറവാണ്.
ജടായു എര്‍ത്ത് സെന്ററിന് അകത്ത് വലിയ വികസനം നടക്കുമ്പോഴും ചടയമംഗലം ടൗണിലോ പരിസരത്തോ സഞ്ചാരികള്‍ക്ക് രാത്രി താമസിക്കാന്‍ പറ്റിയ ഹോട്ടലുകളോ ഹോംസ്റ്റേകളോ കാര്യമായില്ല. നിരക്കുകളില്‍ സാധാരണക്കാര്‍ക്കായി ചെറിയ ഇളവുകള്‍ നല്‍കുകയും ശില്പത്തിനുള്ളിലെ മ്യൂസിയം പദ്ധതികള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്താല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിംഗിള്‍-ഡെസ്റ്റിനേഷന്‍ ടൂറിസം ഡെസ്റ്റിനേഷനായി ജടായു എര്‍ത്ത് സെന്ററിനെ നിലനിര്‍ത്താം.
തെന്മല ഇക്കോ ടൂറിസം
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതിയായ തെന്മല ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഏറ്റവും തിളക്കമുള്ള വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികളുടെ താല്പര്യങ്ങള്ക്കനുസരിച്ച് തെന്മലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളെ വിവിധ 'സോണുകളായി' തിരിച്ചിട്ടുണ്ട്.
കേരളീയ സംസ്കാരവും ജീവിതരീതികളും പരിചയപ്പെടുത്തുന്ന ഇടമാണ് സംസ്കാര മേഖല. ഇവിടുത്തെ പ്രധാന ആകര്‍ഷണം രാത്രികാലങ്ങളില്‍ ഒരുക്കുന്ന അത്യാധുനിക മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന് ആണ്. കൂടാതെ പരമ്പരാഗത ഭക്ഷണശാലകളും ഇവിടെയുണ്ട്.
പ്രകൃതിയോട് ഇണങ്ങിനിന്ന് സാഹസികത ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് സാഹസിക മേഖല. പ്രകൃതിദത്തമായ പാതകളിലൂടെയുള്ള മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, റിവര്‍ ക്രോസിംഗ്, സിപ് ലൈന്‍, എലവേറ്റഡ് വാക്ക്വേ എന്നിവയ്ക്കുള്ള മികച്ച സാധ്യതകള്‍ ഇവിടെയുണ്ട്.
കുടുംബത്തോടൊപ്പം ശാന്തമായി സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് വിനോദ മേഖല. കല്ലടയാറ്റിലേക്ക് നീളുന്ന നടപ്പാതകള്‍, ശില്പ ഉദ്യാനം, പ്രകൃതിഭംഗി ആസ്വദിക്കാനുള്ള വ്യൂ പോയിന്റുകള്‍ എന്നിവ വിനോദ മേഖലയിലാണ്.
സോണുകള്‍ക്കു പുറമെ വനത്തിനുള്ളില്‍ മാനുകളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തില്‍ കാണാനും കുട്ടികള്‍ക്ക് പ്രകൃതിയെക്കുറിച്ച് പഠിക്കാനുമുള്ള മികച്ചൊരു ഇക്കോ-സ്പോട്ടു കൂടിയാണ് തെന്മല.
തെന്മല പരപ്പാര്‍ അണക്കെട്ടിന് നടുവിലൂടെ, ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കാടുകള്‍ അതിരിടുന്ന ജലാശയത്തിലൂടെയുള്ള ബോട്ടിംഗ് വന്യമൃഗങ്ങളെ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമുള്ള അവസരം സഞ്ചാരികള്‍ക്കു നല്കുന്നു. വനംവകുപ്പിന്റെ കീഴില്‍ ശെന്തുരുണി കാടുകളിലേക്ക് നടത്തുന്ന ഗൈഡഡ് ട്രെക്കിംഗ് പാക്കേജുകള്‍, കാടിനുള്ളിലെ ടെന്റ് ക്യാമ്പിംഗ് എന്നിവ സാഹസികരായ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പദ്ധതിയായതിനാല്‍ കാലാനുസൃതമായ പുതുക്കലുകള്‍ ആവശ്യമാണ്. മൂന്നാര്‍, വാഗമണ്‍, വയനാട് എന്നിവയ്ക്ക് ലഭിക്കുന്ന തരത്തിലുള്ള ഒരു പുതിയ ബ്രാന്‍ഡിംഗ് സമീപകാലത്ത് തെന്മലയ്ക്ക് ലഭിക്കുന്നില്ല. മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ ബോട്ടിംഗും ട്രെക്കിംഗും നിര്‍ത്തിവെക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് വനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ സുരക്ഷിതമായ 'മണ്‍സൂണ്‍ പാക്കേജുകള്‍' വികസിപ്പിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
വനംവകുപ്പിന്റെയും ഡിടിപിസിയുടെയും കുറച്ച് കോട്ടേജുകള്‍ ഉണ്ടെങ്കിലും തെന്മലയ്ക്ക് ചുറ്റും അന്താരാഷ്ട്ര നിലവാരമുള്ള സ്വകാര്യ റിസോര്‍ട്ടുകളോ ഹോംസ്റ്റേകളോ വലിയ രീതിയില്‍ വളര്‍ന്നു വന്നിട്ടില്ല. വരുംതലമുറയെക്കൂടി ആകര്‍ഷിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍, കൂടുതല്‍ ആധുനിക സാഹസിക വിനോദങ്ങള്‍ (സിപ് ലൈന്‍, സ്കൈവാക്ക് പോലുള്ളവ), മെച്ചപ്പെട്ട മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവ കൊണ്ടുവന്നാല്‍ തെന്മലയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രമായി നിലനിര്‍ത്താം.
പാലരുവി വെള്ളച്ചാട്ടം
കൊല്ലം ജില്ലയിലെ പുനലൂര്‍-ചെങ്കോട്ട പാതയില്‍ ആര്യങ്കാവിന് സമീപം സ്ഥിതി ചെയ്യുന്ന പാലരുവി വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ്. വനത്തിനുള്ളില്‍ ഏകദേശം 300 അടി ഉയരത്തില്‍നിന്ന് പാറക്കെട്ടുകളിലൂടെ പാല് പോലെ ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടം വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയമായ കാഴ്ചാനുഭൂതിയാണു നല്‍കുന്നത്.
പശ്ചിമഘട്ടത്തിലെ കാടുകളിലെ അപൂര്‍വമായ ഔഷധസസ്യങ്ങളെ സ്പര്‍ശിച്ചാണ് പാലരുവിയിലെ വെള്ളം ഒഴുകിയെത്തുന്നത്.
അതിനാല്‍ ഈ വെള്ളത്തിലെ കുളി ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നതാണെന്നും രോഗശമന ശേഷിയുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു. ഇത് 'ഹീലിംഗ് ടൂറിസത്തിന്' മികച്ച സാധ്യതയൊരുക്കുന്നു. വലിയ വെള്ളച്ചാട്ടമാണെങ്കിലും, വെള്ളം വന്നുവീഴുന്ന ഭാഗത്ത് സഞ്ചാരികള്‍ക്ക് (പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും) സുരക്ഷിതമായി ഇറങ്ങി കുളിക്കാനുള്ള സൗകര്യമുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍, വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള ഉള്‍ക്കാടുകളിലേക്ക് ഗൈഡഡ് ട്രെക്കിംഗ് നടത്താനും പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള വലിയ അവസരമുണ്ട്.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് പാലരുവി അതിന്റെ പൂര്‍ണ സൗന്ദര്യത്തില്‍ എത്താറുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ (പാലരുവി കൊട്ടാരം) ഇവിടെയുണ്ട്. ചരിത്രപരമായ ഈ വശത്തെക്കൂടി ടൂറിസവുമായി ബന്ധിപ്പിക്കാവുന്നതാണ്. പക്ഷേ, ഈ രീതിയില്‍ നമ്മുടെ ഭരണകൂടം നിങ്ങിയിട്ടില്ല. ജനുവരി മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തില്‍ വെള്ളം വളരെ കുറവാകും. ഈ സമയങ്ങളില്‍ സഞ്ചാരികളുടെ എണ്ണം പകുതിയിലധികമായി കുറയുന്നു. ഓഫ്-സീസണില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റ് വിനോദങ്ങളോ (ഉദാഹരണത്തിന് അഡ്വഞ്ചര്‍ പാര്‍ക്ക്, കാനോപി വോക്ക്) ഇവിടെ വികസിപ്പിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയാണ്.
കനത്ത മഴ പെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയോ മലവെള്ളപ്പാച്ചിലോ ഉണ്ടായാല്‍ സുരക്ഷ മുന്‍നിര്‍ത്തി ദിവസങ്ങളോളം പാലരുവി അടച്ചിടാറുണ്ട്. ലൈവ് അപ്ഡേറ്റുകള് നല്‍കാനുള്ള ഡിജിറ്റല്‍ സംവിധാനം ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ വസ്ത്രം മാറാനുള്ള മുറികളുടെയും ശുചിമുറികളുടെയും എണ്ണം തികയാതെ വരാറുണ്ട്. കൂടാതെ നല്ലൊരു കഫറ്റീരിയയോ വിശ്രമകേന്ദ്രങ്ങളോ വെള്ളച്ചാട്ടത്തിന് സമീപമില്ല എന്നത് വലിയ പോരായ്മയാണ്.
ആളുകളെ അവിടെ കൂടുതല്‍ സമയം ഇരുത്താനോ, പ്രദേശത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് (ഉദാഹരണത്തിന് ആര്യങ്കാവ് റെയില്‍വേ പാലം, റോസ്മല) നയിക്കാനോ ഉള്ള സംയോജിത പാക്കേജുകള്‍ കുറവാണ്. വേനല്‍ക്കാലത്ത് വെള്ളം കുറയുന്ന അവസ്ഥയെ മറികടക്കാന്‍ വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ച് പരിപാലിക്കുകയും സമീപത്തെ മറ്റ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 'കിഴക്കന്‍ കൊല്ലം ടൂറിസം സര്‍ക്യൂട്ട്' രൂപീകരിക്കുകയും ചെയ്താല്‍ പാലരുവിയുടെ പ്രസക്തി ഇനിയും കൂട്ടാവുന്നതേയുള്ളൂ.
Tags : Local News Nattuvishesham Kollam