അഗസ്റ്റിന് മക്കൾക്കൊപ്പം
കാഞ്ഞങ്ങാട്: നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വര്‍ഷങ്ങള്‍ക്കുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടി. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധികൃതരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിന് (75) കുടുംബവുമായി വീണ്ടും ഒന്നിച്ചത്.
മുപ്പത്തിയഞ്ചാം വയസില്‍ വീടുവിട്ടിറങ്ങിയ ലീന്‍ അഗസ്റ്റിന് ജീവിതത്തിന്റെ പരുക്കന്‍ വഴികളിലൂടെ സഞ്ചരിച്ച് ഒടുവില്‍ 16 വര്‍ഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രത്തില്‍ അന്തേവാസിയായി എത്തുന്നത്. പിതാവിനെ കാണാതായതിനെത്തുടര്‍ന്ന് മക്കളായ ശോഭയും ഉഷയും വര്‍ഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതോടെ അച്ഛന് മരണപ്പെട്ടിരിക്കാമെന്നാണ് ആ കുടുംബം കരുതിയിരുന്നത്.
പ്രായാധിക്യവും രോഗാവസ്ഥയും കൂടിയതോടെ തന്റെ കുടുംബത്തെ ഒരിക്കല്‍കൂടി കാണണമെന്ന ആഗ്രഹം അദ്ദേഹം പുനരധിവാസ കേന്ദ്രം അധികൃതര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ലീന്‍ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്നുമാസത്തോളമാണ് പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയതെന്ന് ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേററ്റര് സുസ്മിത എം. ചാക്കോ പറഞ്ഞു. മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ആരോരുമില്ലാത്തവര്‍ക്കും കുടുംബത്തില്‍ നിന്ന് അകന്നുപോയവര്‍ക്കും സംരക്ഷണവും അഭയവും നല്‍കിവരുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവില്‍ ഏകദേശം 120 അച്ഛനമ്മമാര്‍ക്ക് സ്ഥാപനം അഭയവും പരിചരണവും നല്കിവരുന്നു. സുമനസുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
Tags : NattuVishasham DistrictNews