പേവിഷബാധ സംശയിക്കുന്ന നായയെ പിടികൂടിയപ്പോൾ.
കറുകച്ചാൽ: കറുകച്ചാൽ, നെടുംകുന്നം മേഖലകളിൽ ഭീതി പരത്തിയ പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവുനായ ഒടുവിൽ കൂട്ടിലായി. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനിൽ ഈ നായയെ നാട്ടുകാർ ആദ്യം കാണുന്നത്. മറ്റു തെരുവുനായ്ക്കളെ ആക്രമിക്കുകയും വഴിയാത്രക്കാർക്കു നേരെ കുരച്ചു ച്ചാടി ഭീതി പരത്തുകയും ചെയ്തതപ്പോൾ നാട്ടുകാർ ഓടിച്ചകറ്റിയതോടെ കറുകച്ചാൽ ടൗണിലെത്തി നിരവധി നായ്ക്കളെ കടിച്ചു. തുടർന്ന് ബംഗ്ലാം കുന്ന് ഭാഗം, മണിമല റോഡ് എന്നിവിടങ്ങളിലൂടെ ഓടി നെടുംകുന്നം പഞ്ചായത്തിലെ നെരിയാനി പൊയ്ക, തൊട്ടിക്കൽ ഭാഗത്തെത്തി.
തൊട്ടിക്കൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ ഏറ്റുമാനൂർ ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി കൂട്ടിലാക്കി. മണിക്കൂറുകളോളമാണ് ഈ മേഖലയിലെ ജനങ്ങൾ പേപ്പട്ടി പേടിയിൽ കഴിഞ്ഞത്. പേവിഷബാധ സംശയിക്കുന്ന നായ നാട്ടിലെത്തിയെന്ന വാർത്ത അറിഞ്ഞവർ സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചു. പലയിടങ്ങളിലും ചുറ്റിത്തിരിഞ്ഞ ഇതിനെ പിടികൂടാൻ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇതിനിടെ മൂന്ന് പശുക്കളെയും നിരവധി നായ്ക്കളെയും കടിച്ചു. നെടുംകുന്നം തൊട്ടിക്കൽ പടിഞ്ഞാറേപ്രക്കാട്ടുമന്നം ഷൈനി ഷിബുവിന്റെ മൂന്നു പശുക്കൾക്കാണ് നായയുടെ കടിയേറ്റത്.
സമീപത്തെ മൂന്നു വീടുകളിലെ നായ്ക്കൾക്കും കടിയേറ്റു. ആളുകൾ കൂടിയതോടെ നായ വീണ്ടും രക്ഷപ്പെട്ടു.
ഏറ്റുമാനൂർ ജയകുമാറും സംഘവും തൊട്ടിക്കൽ ഭാഗത്തെ നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 1.45 ഓടെ നായയെ ഒരു വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വലയിട്ട് പിടിച്ച് കൂട്ടിലാക്കി.ഇതോടെയാണ് നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട നായപ്പേടി അകന്നത്. കടിയേറ്റ പശുക്കൾക്കും നായകൾക്കും മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി കുത്തിവയ്പ് നൽകി. നായുടെ ശ്രവം പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.