പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പി.കെ. വൈശാഖ് നിർവഹിക്കുന്നു.
കുമരകം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ പുത്തൻ അധ്യായം കുറിച്ച് ഗവ. സ്കൂൾ വിദ്യാർഥികൾക്കായി സമഗ്ര സൗജന്യ പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് കുമരകത്ത് തുടക്കമായി.
‘അറിവിന്റെ രുചി’ എന്ന പേരിൽ കുമരകം ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ പി.കെ. വൈശാഖ് മുൻകൈയ്യെടുത്താണ് പദ്ധതിക്ക് തുക വകയിരുത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യമായാണ് ഒരു സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. അഞ്ച് പ്രവൃത്തിദിവസങ്ങളിലും വ്യത്യസ്ത മെനുവിലാണ് പ്രഭാതഭക്ഷണം നൽകുന്നത്. ഇതോടെ കുമരകം ഗവ. യുപി സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാകും.
സാധാരണ കുടുംബങ്ങളിലെയും കർഷകത്തൊഴിലാളികളുടെയും മക്കളായ, വിദൂര പ്രദേശങ്ങളിൽനിന്ന് കൃത്യസമയത്ത് പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യസംരക്ഷണം, പോഷകാഹാരം, പഠനത്തിലെ ഏകാഗ്രത എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ് നിർവഹിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലൻ കുര്യക്കോസ്, വിഷ്ണു മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, സ്കൂൾ ഹെഡ്മിസ്ട്രസ് എ. അബ്ദുൾ കലാം, സ്കൂൾ പ്രിൻസിപ്പൽ ടി. സത്യൻ, പിടിഎ പ്രസിഡന്റ് പി.കെ. വിജയകുമാർ, മദർ പിടിഎ പ്രസിഡന്റ് മിനി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.