പറവൂർ: നിരവധി തെരുവുനായ്ക്കളെ ഓടിച്ചിട്ടു കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ മൂന്നാം വാർഡിലെ പാർക് വ്യൂ റോഡിൽ അങ്കണവാടിയുടെ പരിസരത്ത് വ്യാഴാഴ്ചയാണു സംഭവമുണ്ടായത്.
തെരുവുനായ്ക്കളെ കടിച്ച ശേഷം ആളുകളെയും കടിക്കാനായി ഓടിച്ചിട്ടെങ്കിലും ആർക്കും കടിയേറ്റില്ല. നായയെ പിടികൂടിയെങ്കിലും പിന്നീട് ചത്ത് പോയതിനെത്തുടർന്നു മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്.
ഈ നായ ഓടിനടന്ന പ്രദേശത്തു കണ്ടെത്തിയ ചില നായ്ക്കൾക്കു വാക്സിനേഷൻ എടുത്തെങ്കിലും കൂടുതൽ നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. വരും ദിവസങ്ങളിൽ നാട്ടുകാർ ജാഗ്രത പുലർത്തണമെന്ന് അധികാരികൾ പറഞ്ഞു.
നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും നാട്ടുവഴികൾ, മൈതാനങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചന്തകൾ, കച്ചേരിമൈതാനം, കെഎസ്ആർടിസി സ്റ്റാൻഡ്, വിദ്യാലയ മുറ്റങ്ങൾ എന്നിവയെല്ലാം തെരുവുനായ്ക്കൾ കൈയടക്കി തമ്പടിക്കുകയാണ്. ജനങ്ങൾക്കു സ്വസ്ഥമായി പുറത്തിറങ്ങാനാകുന്നില്ല. നായ്ക്കൾ റോഡിന് കുറുകെ ഓടുന്നതും കടിപിടി കൂടുന്നതും പതിവാണ്. ഒട്ടേറെയാളുകൾക്കു കടിയേറ്റിട്ടും വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.
മിക്ക വർഷങ്ങളിലും ഫണ്ട് വകയിരുത്തുമെങ്കിലും വകമാറ്റി ചെലവഴിക്കും. മാസങ്ങൾക്ക് മുമ്പ് ചിറ്റാറ്റുകരയിലെ നീണ്ടൂരിൽ ഒരു കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്ത ദാരുണസംഭവം ഉണ്ടായി. റോഡിനു കുറുകെ ഓടുന്ന നായ്ക്കളെ കണ്ട് ഭയന്ന് ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ അമർച്ച ചെയ്യാൻ ഫലപ്രദമായ ഇടപെടലില്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
Tags : Local News Nattuvishesham Ernakulam