നെടുമങ്ങാട് :ആര്യനാട്ട് തെരുവ്നായ ശല്യം കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിൽ. പ്രധാനറോഡിലും കെഎസ്ആർടിസി ഡിപ്പോയിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുംആശുപത്രിക്ക് സമീപത്തുമായി അലഞ്ഞ് തിരിയുന്ന നായകൾ ഇരുചക്ര വാഹന യാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. പലർക്കും നായകളുടെ കടിയും കിട്ടി.
ആര്യനാട് കാഞ്ഞിരംമുട് , ചെറിയാര്യനാട്, ചൂഴ, പാലൈക്കോണം, ഇറവൂർ, കോട്ടയ്ക്കകം, വണ്ടയ്ക്കൽ, ചേരപ്പളളി, പറണ്ടോട് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നത്.
ആര്യനാട് കെ എസ്ആർടിസി ഡിപ്പോയാണ് നായകളുടെ പ്രധാന താവളം. ആര്യനാട് ചന്തയിൽ നിന്നും വലിച്ചെറിയുന്ന മാംസവശിഷ്ടങ്ങളുമായി ഇറങ്ങുന്ന നായകൾ റോഡിലെ ഇരു ചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ കൊണ്ട് വന്ന് ഇറക്കി വിടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
തെരുവ് നായകളുടെ ശല്യവും അപകടങ്ങളും തുടരുന്നതിനിടയിലും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുന്നു. ഒട്ടനവധി പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം നായകളെ പാർപ്പിക്കുന്നതിനായി മൃഗാശുപത്രിക്ക് പുറകിലായി കൂടുകൾ സ്ഥാപിച്ചെങ്കിലും അതെല്ലാം ഉപയോഗ ശൂന്യമായ നിലയിലാണ്.
Tags :