തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി കടിയേറ്റ് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പത്തു വയസുകാരൻ ആരോണിന്റെ കാൽ.
വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് സ്കൂൾ മുറ്റം ഭാഗങ്ങളിലായി എട്ടുപേരെക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. മാംസം പറിച്ചെടുത്ത നിലയിൽ കാലിന് ഗുരുതരമായി കടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ചക്കാല പാടത്ത് ആരോണിനെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പുതുവൈപ്പിൽ നിന്നാണ് നായ ആളുകളെ കടിച്ചു കീറാൻ തുടങ്ങിയത്. എളങ്കുന്നപുഴ നിവാസികളായ വിഷ്ണുപ്രിയ, രസിക, കല്‍പ്പന, അഖില്‍ ബെന്നന്‍, അനിൽ, എലിസബത്ത് ഗ്ലാഡിസ്, സിയോൺ എന്നിവരാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മറ്റുള്ളവർ.
ഇവരെല്ലാവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കടിയേറ്റവരില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അക്കൗണ്ടന്റ്, എറണാകുളം മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥിനി, സ്കൂള്‍ വിദ്യാര്‍ഥികള്‍, പാല് വിതരണക്കാരന് എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ട് സ്കൂൾമുറ്റത്ത് തോട്ടുംകര ബിജുവിന്റെ മകൻ സിയോണി(5)നെയാണ് ഈ നായ ആദ്യം കടിച്ചത്. അമ്മയ്ക്കൊപ്പം വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം.
പിന്നീട് രാത്രി മുഴുവൻ പുതുവൈപ്പ് ഭാഗത്ത് തങ്ങിയ നായ ഇന്നലെ രാവിലെ വീണ്ടും തെരുവിലിറങ്ങി ആളുകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പിന്നീട് നായയെ തല്ലിക്കൊന്നു.
സംഭവം അറിഞ്ഞ് പഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പേ വിഷബാധ ഉണ്ടോ എന്നറിയാൻ നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് സൂചന.
Tags : Local News Nattuvishesham Ernakulam