ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടത്തിയ ബോധവത്കരണം ഐഎംഎ പ്രസിഡന്റ് ഡോ. കെ.പി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം ഐഎംഎയുമായി സഹകരിച്ച് വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. മൗലാന ആശുപത്രിയിൽ നടത്തിയ സെമിനാർ ഐഎംഎ പെരിന്തൽമണ്ണ ഘടകം പ്രസിഡന്റ് ഡോ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ത്, ലക്ഷണങ്ങൾ, നൂതന ചികിത്സകൾ, പ്രതിരോധം എന്നിവയെക്കുറിച്ച് മൗലാന കോളജ് വിദ്യാർഥികൾ തയാറാക്കിയ എക്സിബിഷൻ കൗണ്ടറിന്റെ ഉദ്ഘാടനം മൗലാന ആശുപത്രി ചീഫ് ന്യൂറോ സർജൻ ഡോ. ജ്ഞാനദാസും ഫോട്ടോ ബൂത്തിന്റെ ഉദ്ഘാടനം ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. ഹേമ ശശിധരനും നിർവഹിച്ചു.
ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുമാരായ ഡോ. റിനോയ് ആർ. ആനന്ദ്, ഡോ. ജാസിം കോയ, കണ്‍സൾട്ടന്റ് ന്യൂറോളജിസ്റ്റുമാരായ ഡോ. ബിനീഷ്, ഡോ. അലക്സ് ബേബി, ഡോ. അനൂപ് ചെറിയാൻ, കണ്‍സൾട്ടന്റ് ന്യൂറോ സർജൻ ഡോ. ജോണ്‍ വിമൽ വിൻസന്റ് തുടങ്ങിയവർ പക്ഷാഘാതരോഗം, ചികിത്സ എന്നിവയെക്കുറിച്ചും സ്ട്രോക്ക് റെഡി ഹോസ്പിറ്റലിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസുകളെടുത്തു. മൗലാന ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി അധ്യക്ഷനായിരുന്നു. ചീഫ് ന്യൂറോളജിസ്റ്റ് ഡോ. ബിനീഷ് സ്വാഗതവും ഐഎംഎ വിമൻസ് വിംഗ് ജോയിന്റ് സെക്രട്ടറി ഡോ. നിഷ നന്ദിയും പറഞ്ഞു.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് പാലക്കാട് റെയിൽവേ അഡീഷണൽ ഡിവിഷൻ മാനേജർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസുകൾക്ക് മൗലാന ന്യൂറോ സയൻസസ് മേധാവികൾ നേതൃത്വം നൽകി. തുടർന്ന് മൗലാന നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ പക്ഷാഘാതത്തെ ആസ്പദമാക്കി അവതരിപ്പിച്ച ലഘുനാടകം ശ്രദ്ധേയമായി.
പഞ്ചായത്ത് അംഗം രതീഷ്, മൗലാന ചീഫ് ഓപ്പറേഷൻ ഓഫീസർ രാംദാസ് എന്നിവർ പ്രസംഗിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും സമാനമായ പരിപാടി നടത്തി. ഡോ. അനൂപ് ചെറിയാൻ, ഡോ. അഷർ എന്നിവർ ക്ലാസുകളെടുത്തു. റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രത്തിനു സമീപം മൗലാന ആശുപത്രി തയാറാക്കിയ വ്യായാമ കോർണറിന്റെ ഉദ്ഘാടനം പ്രശസ്ത അത്ലറ്റ് ടിന്റു ലൂക്കയുടെ സാന്നിധ്യത്തിൽ റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രകാശ്, ഫൈസൽ, നൗഫൽ, സന്തോഷ്, മനോജ്, നന്ദു എന്നിവർ നേതൃത്വം നൽകി.
Tags : Maulana Hospital Local News Malappuram