രിങ്ങാലക്കുട മാര്‍ക്കറ്റ് ഇരട്ടക്കപ്പേള റോഡില്‍ ആറുമാസംമുമ്പ് കോണ്‍ക്രീറ്റിംഗ് നടത്തിയ ഭാഗം വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി പൊളിച്ചനിലയില്‍.
ഇരിങ്ങാലക്കുട: ഏറെ നാളത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പുനരുദ്ധാരണം നടത്തിയിട്ട് ആറുമാസം പിന്നിടുംമുമ്പേ മാര്‍ക്കറ്റ് റോഡില്‍ വീണ്ടും വെട്ടിപ്പൊളിക്കല്‍. നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ മാര്‍ക്കറ്റ് ഇരട്ടക്കപ്പേള റോഡാണ് വീണ്ടും തകര്‍ന്ന നിലയിലായത്.
റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കി അധികകാലം പിന്നിടും മുമ്പു തന്നെ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചതോടെ യാത്രക്കാരിലും വ്യാപാരികളിലും ബസ് ജീവനക്കാരിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 2023 ഒക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളം ബിജോയ് (43) എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റിംഗ് ചെയ്യാത്ത ഭാഗത്ത് വലിയ ഗര്‍ത്തങ്ങളായി മാറി.
ഇതിനെതിരെ യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും നിരന്തരം പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. കൊടകര, ചാലക്കുടി, ആമ്പല്ലൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് മാര്‍ക്കറ്റ് റോഡിനെ ആശ്രയിക്കുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന പാതയായതിനാല്‍ റോഡിന്റെ തകര്‍ച്ചയും ഗതാഗതക്രമീകരണങ്ങളിലെ മാറ്റവും യാത്രക്കാരെ നേരിട്ട് ബാധിക്കുന്നുണ്ട്.
മാര്‍ക്കറ്റ് റോഡിലൂടെ സര്‍വീസ് നടത്തേണ്ട സ്വകാര്യ ബസുകള്‍ ഗതാഗത തടസവും റോഡിന്റെ ശോച്യാവസ്ഥയും മൂലം കുരിശങ്ങാടി കപ്പേള വഴി തിരിച്ചുവിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
Tags : NattuVishesham DistrictNews