കുന്നംകുളത്ത് നടന്ന ജില്ലാ അമേച്വർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഒാവറോൾ ചാന്പ്യന്മാരായ തൃശൂർ വിമല കോളജ് ടീം.
കുന്നംകുളം: തൃശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ നടന്ന 70-ാമത് ജില്ലാ അമേച്വർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ തൃശൂർ വിമല കോളജ് ഓവറോൾ ചാന്പ്യൻമാർ. 362 പോയിന്റുമായാണു വിമല കോളജ് ഒന്നാമതെത്തിയത്. 294 പോയിന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും 259 പോയിന്റോടെ തൃശൂർ പൊങ്ങണംകാട് സെന്റ് എലിസബത്ത് സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
രണ്ടു ദിവസങ്ങളിലായി നടന്ന ചാന്പ്യൻഷിപ്പിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കായികതാരങ്ങൾ മികച്ച പ്രകടനമാണു പുറത്തെടുത്തത്. കടുത്ത ചൂടിലും പോരാട്ടവീര്യം ഒട്ടും കുറയാതെ ഇഞ്ചോടിഞ്ച് പൊരുതിയാണ് താരങ്ങൾ നേട്ടംകൊയ്തത്.
സമാപനച്ചടങ്ങിൽ തൃശൂർ ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ഇ.യു. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. ഹരിദയാൽ, പ്രഫ. നാരായണൻ നന്പൂതിരി, പ്രഫ. മീന രഘുനാഥ്, ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews