കാഞ്ഞങ്ങാട്: ചിരട്ടയ്ക്കു പിന്നാലെ കർഷകരുടെ പറമ്പിൽ കുന്നുകൂടിക്കിടക്കുന്ന ചകിരിക്കും നല്ലകാലം. ചകിരിനാരും ചകിരിച്ചോറും സംസ്കരിച്ചെടുക്കുന്ന തമിഴ്നാട്ടിലെ ഫാക്ടറികളിലേക്കാണ് നമ്മുടെ ചകിരി ലോറികയറി പോകുന്നത്. ഈ ഫാക്ടറികളിലേക്ക് ചകിരി എത്തിച്ചുകൊടുക്കുന്ന ഏജന്റുമാർ ജില്ലയുടെ പല ഭാഗങ്ങളിലും എത്താൻ തുടങ്ങിയിട്ടുണ്ട്. ഒരു തേങ്ങയുടെ ചകിരിക്ക് ഒരു രൂപ നിരക്കിലാണ് പൊതുവേ ചകിരി സംഭരിക്കുന്നത്. ഒരു പറമ്പിൽ നിന്നുതന്നെയോ അടുത്തടുത്തുള്ള പറമ്പുകളിൽ നിന്നോ ഒരു മിനി ലോറിയിൽ നിറയാനുള്ള ചകിരിയെങ്കിലും കിട്ടുമെന്നുറപ്പുള്ള ഇടങ്ങൾ തേടിയാണ് ഏജന്റുമാർ എത്തുന്നത്. ഇങ്ങനെ സംഭരിക്കുന്ന ചകിരി വലിയ ലോറികളിൽ കയറ്റിയാണ് തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.
തമിഴ്നാട്ടിലെ കാങ്കയം, പൊള്ളാച്ചി, ഉദുമൽപേട്ട് ഭാഗങ്ങളിലാണ് ചകിരിയും ചിരട്ടയും സംസ്കരിക്കുന്ന ഫാക്ടറികൾ പ്രധാനമായും ഉള്ളത്. ഇവിടങ്ങളിൽ നിന്ന് ചകിരിച്ചോറും നാരും കൂടുതലായി കയറ്റിപ്പോകുന്നത് ചൈനയിലേക്കാണെന്ന് ഏജന്റുമാർ പറയുന്നു. വെള്ളം സംഭരിക്കാൻ കഴിവുള്ള ചകിരിച്ചോറ് ചൈനയിലെ ആധുനിക കൃഷി ഫാമുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇവ കയറ്റിയയക്കുന്നതിനുള്ള സാധ്യതകൾ തെളിഞ്ഞുവരികയാണ്.
ജില്ലയിൽതന്നെ നീലേശ്വരം ഉപ്പിലിക്കൈയിലെ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ചകിരി സംസ്കരണകേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഇതുവരെ പൂർണമായി പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി കൊണ്ടുവന്നു സ്ഥാപിച്ച ലക്ഷങ്ങൾ വിലയുള്ള യന്ത്രസാമഗ്രികൾ വെറുതേകിടന്ന് തുരുമ്പിക്കുന്ന നിലയിലാണ്.
ജില്ലയിൽ എല്ലായിടങ്ങളിലും ചിരട്ട കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. ചിരട്ടക്കരിയുടെയും കരകൗശലവസ്തുക്കളുടെയും നിർമാണത്തിനാണ് ചിരട്ട പ്രധാനമായും ഉപയോഗിക്കുന്നത്. പല വിദേശരാജ്യങ്ങളിലും ജലശുദ്ധീകരണം, എയർ ഫിൽട്ടറേഷൻ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ പരിസ്ഥിതി സൗഹൃദ ഉത്പന്നമെന്ന നിലയിൽ ചിരട്ടക്കരി ഏറെ പ്രാധാന്യം നേടിയിട്ടുണ്ട്. ഇറ്റലി, ജർമനി, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ആവശ്യക്കാർ.
Tags : NattuVishesham DistrictNews