കട്ടപ്പന: കളിയാക്കിയതിന്റെ വിരോധത്തില്‍ അധ്യാപകന് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. അണക്കര ഗവ. എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്മേട് പോലീസ് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. കളിയാക്കിയതില്‍ പ്രകോപിതനായ അധ്യാപകന് ചൂരല്‍ പ്രയോഗത്തിനുപുറമേ മര്‍ദിച്ചതായാണ് വിദ്യാര്‍ഥിയുടെ പരാതി. നെഞ്ചത്തും കാലിലും ചെകിട്ടത്തും മര്‍ദനമേറ്റതായി മാതാപിതാക്കള്‍ പറയുന്നു.
കുട്ടിയെ വണ്ടന്മേട് സിഎച്ച്സിയില് എത്തിച്ച് ചികിത്സ ലഭ്യമാക്കി.
അതേസമയം ചൂരല്‍കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും അധ്യാപകന് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും അറിയിച്ചു.