ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിൽ നടന്ന 102-ാമത് ഉത്രാടം ജന്മനക്ഷത്ര സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: ശുഭാനന്ദഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന തൂഫാന് പോലെയുള്ള പദ്ധതികള്‍ക്ക് പ്രചോദനമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെറുകോല്‍ ശുഭാനന്ദ ഗുരുദേവരുടെ 102-ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹത്തോടനുബന്ധിച്ച് ചെറുകോൽ ആശ്രമത്തിൽ നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന് അധ്യക്ഷത വഹിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. മാത്യൂസ് മാര്‍ പോളിക്കോര്പ്പ് മെത്രാപ്പൊലീത്ത, കൊടിക്കുന്നില്‍ സുരേഷ് എംപി, സജി ചെറിയാന് എംഎല്‍എ, ഇന്ത്യ പേഴ്സണല്‍ ലോ ബോര്‍ഡ് മെമ്പർ അബ്ദുള്‍ ഷുക്കൂര്‍ അല്‍ഖാസിമി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മധുസൂദനന്, ട്രസ്റ്റി സ്വാമി വേദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. ആശ്രമ കര്‍മങ്ങള്‍ക്കു ശേഷം സമാധിമണ്ഡപങ്ങളില് പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു.
തുടര്‍ന്ന് ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നിവയ്ക്കു ശേഷം ചെന്നിത്തല വാഴക്കൂട്ടം കടവിനു സമീപമുള്ള ശ്രീ ആനന്ദമന്ദിരത്തില്‍ നിന്നും സന്ന്യാസിനി സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ ഘോഷയാത്രയും നടന്നു. നേര്‍ച്ച സ്വീകരണം, ഹാരാര്‍പ്പണം, സമൂഹാരാധന എന്നിവയും നടന്നു. ഭക്തിനിര്‍ഭരമായ ജന്മനക്ഷത്ര പ്രകാശയാത്ര, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, പ്രാര്‍ഥന എന്നിവയോടെ സമാപിച്ചു.