കാക്കനാട്: പട്ടികജാതി വിഭാഗക്കാരിയക്കാരിയും തൃക്കാക്കര നഗരസഭയിലെ ഹരിതകർമസേനാംഗവുമായ എ.പി. രമ്യ ആത്മഹത്യക്കു ശ്രമിച്ച നടത്തിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ 38-ാം വാർഡ് കൗൺസിലർ ആയിഷ സുബൈറിനും പിതാവ് സുബൈറിനുമെതിരെ തൃക്കാക്കരപോലീസ് കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി,പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാജ പരാതികൾ നൽകി തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രമ്യയുടെ പരാതി. ആത്മഹത്യാശ്രമത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ ആയിരിക്കെ കുന്നത്തുനാട് പോലീസിന് നൽകിയ മൊഴിയിൽ കൗൺസിലറും അവരുടെ പിതാവും തന്നെനിരന്തരം ഭീഷണിപ്പെടുത്തിയെന്നു പറയുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണരംഗത്തിറങ്ങിയതാണ് ഇരുവർക്കും തന്നോടുള്ള വിരോധത്തിനും തുടർച്ചയായ പീഡനത്തിനും കാരണമെന്നും രമ്യ ആരോപിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നു കൗൺസിലർ ആയിഷ സുബൈറും പിതാവും ഒളിവിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.