കൊല്ലം: വേനൽമഴയും കാറ്റും ഇടിമിന്നലും കർഷകരെയാണ് കൂടുതൽ ബാധിക്കുന്നത്. കാറ്റിൽ വിളവെടുപ്പിനു പാകമായ കൃഷിയെല്ലാം നശിച്ചു കഴിഞ്ഞു. വാഴത്തോട്ടം കൂട്ടത്തോടെ നിലംപതിച്ചു. വാഴ മാത്രമല്ല, തെങ്ങും മാവും പ്ലാവും മറ്റു പച്ചക്കറി കൃഷികളും വേനൽമഴയിലും കാറ്റിലും തകർച്ച നേരിട്ടു. രണ്ടാാഴ്ചയ്ക്കുള്ളിൽ കൃഷിനാശത്തിന്റെ കണക്ക് 2.70 കോടി രൂപയാണ്.
പുനലൂർ, അഞ്ചൽ, കുളത്തപ്പുഴ ,പത്തനാപുരം തുടങ്ങിയ മലയോരമേഖലകളിൽ കാറ്റിന്റെ ശക്തിയിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു.
25.31 ഹെക്ടറിലെ കൃഷി നശിച്ചു. 1203 കർഷകരുടെ കൃഷിയാണ് നിലംപൊത്തിയത്. ഓണത്തിനു വിളവെടുപ്പ് ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് പൂർണമായി നശിച്ചത്. നശിച്ചതിൽ ഏറെയും കുലച്ച ഏത്തവാഴകളാണ്. 174.66 ലക്ഷത്തിന്റെ നഷ്ടം. 29,110 കുലച്ച ഏത്തവാഴ ഒടിഞ്ഞും പിഴുതും വീണ് നശിച്ചു. 22,200 കുലയ്ക്കാത്ത വാഴകളും നശിച്ചു. നഷ്ടം 88.80ലക്ഷം. 1.600 ഹെക്ടറിലെ മരച്ചീനിക്കൃഷി, 1.40 ഹെക്ടറിലെ പച്ചക്കറികൃഷി, 1.46 ഹെക്ടറിലെ വെറ്റിലക്കൊടിയും നഷ്ടമായി.
വിവിധ ഇടങ്ങളിൽ റബർ മരം, തെങ്ങ് എന്നിവ ഒടിഞ്ഞും പിഴുതും വീണു. ബാങ്ക് വായ്പ എടുത്താണ് മിക്ക കർഷകരും കൃഷി ഇറക്കിയത്. കൃഷിനാശം സംഭവിച്ചതോടെ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് കർഷകർ. മാർച്ച് മുതൽ പെയ്ത വേനൽ മഴയിൽ 24വീട് ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു.
പരപ്പാർ ഡാമിൽ ജലനിരപ്പ് താഴ്ന്നുതന്നെ ജില്ലയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുമ്പോഴും തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് താഴ്ന്നുതന്നെ. 115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ തിങ്കൾ രാവിലെ 95.08മീറ്ററാണ് വെള്ളം.
സംഭരണശേഷിയുടെ 28.88ശതമാനം. വൃഷ്ടിപ്രദേശമായ ശംഖിലി വനത്തിൽ തുടർച്ചയായി മഴ ലഭിച്ചാൽ മാത്രമേ നീരൊഴുക്ക് വർധിക്കൂ. നിലവിൽ നീരൊഴുക്കില്ല. അടുത്ത ആഴ്ചയോടെ മൺസൂൺ മഴ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഡാം അധികൃതർ. വെള്ളം കുറവായതിനാൽ ഡാമിനോടു ചേർന്ന് ജലവൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളിൽ ഒരെണ്ണം മാത്രമാണ് പൂർണമായും പ്രവർത്തിപ്പിക്കുന്നത്. മറ്റൊന്ന് പീക് ടൈമിലാണ് പ്രവർത്തിക്കുന്നത്.