‘സുപഥം’ പദ്ധതി കെ. ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിദ്യാർഥികളെ ലഹരിയിൽനിന്നു സംരക്ഷിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സജീവ പങ്കാളികളാക്കുകയും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സുപഥം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കെ. ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു.സ്കൂൾതലം മുതൽ ജില്ലാതലം വരെ ഏകോപിതമായ പ്രവർത്തന സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.
ഓരോ സ്കൂളിലും ക്ലാസ് സഭകളും സ്കൂൾ സഭകളും രൂപീകരിക്കും. ഉപജില്ല, വിദ്യാഭ്യാസ ജില്ല, ജില്ല തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ആരോഗ്യം എക്സൈസ് ഫയർ ആൻഡ് റെസ്ക്യൂ പൊതുജനങ്ങൾ വ്യാപാരികൾ ജനപ്രതിനിധികൾ ഡ്രൈവർമാർ തുടങ്ങി സമൂഹത്തിന്റെ മുഴുവൻ ജനവിഭാഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ തുടങ്ങിയവയും പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. നിസാർ ചേലേരി പദ്ധതി വിശദീകരിച്ചു.
കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറാ ജാഫർ മുഖ്യാതിഥിയായി. എക്സൈസ് ഇൻസ്പെക്ടർ സുർജിത് മുഖ്യപ്രഭാഷണം നടത്തി.
Tags : District News Nattuvishesham Supatham project launched.