കൊല്ലം: കൃഷിയുടെ താളത്തിനു മണ്ണിനെ പാകപ്പെടുത്തി നൂറുമേനി കൊയ്യുകയാണ് കൊല്ലം മുണ്ടയ്ക്കൽ പണിക്കവീട്ടിൽ ഡോ. തോമസ് വില്യമിന്റെ ഭാര്യ സൂസി തോമസ്. മണ്ണിനെ അറിഞ്ഞ് കൃഷിയെ സ്നേഹിച്ചാല് തിരിഞ്ഞു നോക്കേണ്ടിവരില്ലെന്നു ജീവിതംകൊണ്ടു എഴുതിചേർക്കുകയാണ് അവർ.
വിഷരഹിതമായ പച്ചക്കറി കഴിക്കാനും ഇഷ്ടപെട്ട കൃഷിയെ താലോലിക്കാനുമുള്ള ആഗ്രഹമാണിത്. പണിക്കവീട്ടിലേക്കു കടന്നു വരുന്നവരെ എതിരേൽക്കുന്നതു ഹരിതഭൂമിയാണ്. വിവിധയിനത്തിലുള്ള മാവുകളുടെ ഒരു സാന്നിധ്യമാണ് ആദ്യം ദർശിക്കുക.
തണൽപരത്തിയും ഫലം നൽകിയും മാവുകളും വീടിന്റെ മറ്റൊരു വശത്തു പച്ചപ്പ് നിറഞ്ഞ കൃഷിയും ചേരുന്പോൾ അന്തരീക്ഷം ആരെയും ആകർഷിക്കും. ബിഷപ് ബെൻസിഗർ ഹോസ്പിറ്റലിൽ 31 വർഷക്കാലം സേവനം ചെയ്തു ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഡോ.തോമസ് വില്യമിന്റെ ഭവനമാണിത്.
ഡോ.തോമസും ഭാര്യ സൂസി തോമസുമാണ് ഈ ഭൂമിയിൽ വിത്തെറിഞ്ഞു ഫലം കൊയ്യുന്നത്. കൃഷിഭൂമിയെ പൊന്നാക്കുന്നതു ഭാര്യ സൂസി തോമസാണ്.
സൂസി തോമസിനു കൃഷിയോടുള്ള തീവ്രമായ ഇഷ്ടമുണ്ടെന്നതു അടുക്കളത്തോട്ടവും മറ്റു കൃഷികളും കണ്ടാൽ മനസിലാകും. നന്നായി പരിപാലിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ഇവർക്കു ലാഭം മാത്രമല്ല, മുഴുവൻ കുടുംബത്തിനും സന്തോഷവും നൽകുന്നുവെന്നു ഇവരുടെ ജീവിതം തെളിയിക്കുന്നു.
പയർ, വെണ്ട, മുളക് , തക്കാളി, ചീര, ചേന്പ്, ചേന, കോവൽ, കാച്ചിൽ ,ചെറുവള്ളി കിഴങ്ങ്, തുടങ്ങിയവയൊടൊപ്പം കറിവേപ്പില, വാഴ,പപ്പായ, കുന്പളം,മുരിങ്ങ തുടങ്ങിയവയും കൃഷി ചെയ്തിരിക്കുന്നു. നീലം, അൽഫോൻസ, സേലം തുടങ്ങി വിവിധയിനങ്ങളായ മാവുകളും ഈ പറന്പിൽ കായ്ഫലങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. പ്ലാവും തെങ്ങും നിറഞ്ഞ 20 സെന്റ് ഭൂമിയിലാണ് സൂസി തോമസ് കൃഷി ചെയ്യുന്നത്. ഇതൊന്നും പുറത്തുവിൽക്കാനുമല്ല, വിൽക്കപ്പെടാറുമില്ല. എന്നാൽ ഇല്ലാത്തവർക്കും അയൽവാസികൾക്കും സുഹൃത്തുകൾക്കും കൊടുക്കും.
ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പച്ചില എന്നിവയാണ് വളങ്ങൾ. കൃഷിയിൽ അമ്മയെ സഹായിക്കാൻ ഫാത്തിമമാതാ കോളജിലെ അസി.പ്രഫസറായ നിഷ തോമസും മുന്നിലുണ്ട്. കൂടാതെ നിഷ തോമസിന്റെ മക്കളായ നിഖിതയും നിമിഷയും വല്യമ്മച്ചിക്കൊപ്പം കൃഷിഭൂമിയിൽ കാണും.
വീടുകളിൽ വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് അടുക്കളത്തോട്ടമെന്നു മനസിലാക്കിയാണ് ഇതിലേക്കു കടന്നതെന്നു സൂസി തോമസ് പറയുന്നു.പണ്ടേ കൃഷി ഇഷ്ടമാണ്. നിലവിലുള്ള സ്ഥലം വെറുതെ കാടുപിടിച്ചു പാന്പും കയറി പോകാതെ നോക്കുകയും ചെയ്യാം. ഇതിന്റെ പരിപാലനത്തിനൊരു സമയം നിശ്ചയിച്ചിട്ടില്ല.
പക്ഷേ, എപ്പോഴും ഇവിടെയുണ്ട്. രാവിലെ ഇറങ്ങിയാൽ ഉച്ചയ്ക്കാണ് തിരിച്ച് കയറുക. ഓരോ ചെടിയുടെയും ചുവട്ടിലൂടെ കള പറിച്ചും ചെടികളോടുകുശലം പറഞ്ഞും അങ്ങനെ നടക്കും. പച്ചപ്പ് നിറഞ്ഞ ചെടികൾക്കിടയിലൂടെ നടക്കുന്പോൾ കണ്ണിനു മാത്രമല്ല മനസിനും ഒരു സുഖമാണ്. ആദായം നോക്കിയല്ല, വിഷരഹിതമായ കായ്ഫലങ്ങൾ കഴിക്കാനുള്ള ആഗ്രഹവും ഇതിനു പിന്നിലുണ്ടെന്നും അവർ പറയുന്നു. സൂസി തോമസിനൊപ്പം ഡോ. തോമസും കൂടെയുണ്ട്. ഇവരുടെ മകൻ മനോജ് തോമസ് കുടുംബസമേതം അമേരിക്കയിലാണ്.
Tags :