പ്രതീകാത്മക ചിത്രം
താഴത്തങ്ങാടി മത്സര വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗും അടുത്തമാസം 24ന്
താഴത്തങ്ങാടി: 125-ാമത് കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയും ചാമ്പ്യന്‍സ് ബോട്ട് ലീഗും അടുത്തമാസം 24നു താഴത്തങ്ങാടി ആറ്റില്‍ നടക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ടൂറിസം വകുപ്പ്, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.
സിബിഎല്‍ മത്സരങ്ങള്‍ക്കായി നെഹ്റു ട്രോഫി മത്സരത്തിലെ ആദ്യസ്ഥാനക്കാരായ ഒമ്പതു പ്രമുഖ ചുണ്ടന്‍വള്ളങ്ങള്‍ കിരീട പോരാട്ടങ്ങള്‍ക്കായി അണിനിരക്കും. കേരളത്തിലെ പുരാതന വള്ളംകളിയായ താഴത്തങ്ങാടി മത്സര വള്ളംകളി 125-ാമത് വള്ളംകളിയായാണ് സംഘടിപ്പിക്കുന്നത്. താഴത്തങ്ങാടിയില്‍ ചുണ്ടന് വള്ളങ്ങളെ കൂടാതെ ചെറുവള്ളങ്ങളായ ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വള്ളങ്ങള്‍ മത്സരങ്ങള്‍ക്കായി അണിനിരക്കും. വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ 27നു വൈകുന്നേരം 5.30ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന്
താഴത്തങ്ങാടി മത്സര വള്ളംകളിയില്‍ ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് 27ന് ആരംഭിക്കും. ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളന്‍ വിഭാഗങ്ങളില്‍ കളിവള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കും. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് ഒക്ടോബര്‍ 18ന് ഉച്ചകഴിഞ്ഞു മൂന്നിന് അവസാനിക്കും. രജിസ്ട്രേഷന് 9447052184, 9605323272.
Tags : Nattuvishesham DistrictNews DeepikaNews Thazhathangadi