പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയായപ്പോള്‍.
പടിയൂര്‍: പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായി.
പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. കൈവരികള്‍ അടക്കമുള്ള പണികള്‍ കഴിയാനുണ്ട്. വൈകാതെ അതും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷം ഭക്തജനങ്ങളുടെ വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുക. പായമ്മല്‍ ക്ഷേത്രത്തില്‍നിന്ന് പടിയൂര്‍, എടതിരിഞ്ഞി റോഡിലേക്ക് എളുപ്പമെത്താന്‍ കഴിയുമെന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകുന്നതാണ് ഈ റോഡും പാലവും. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍, പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനുകുറുകെയാണ് പാലം.
1.62 കോടി രൂപ ചെലവഴിച്ച് ഒന്‍പതുമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. 2025 മേയില്‍ പാലത്തിന്റെ പില്ലര്കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് പൊതുമരാമത്തു വകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
പിന്നീട് പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചു. ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. 88 ലക്ഷത്തിന്റെ പണികളാണ് ശേഷിച്ചിരുന്നത്. കാസര്‍കോട്ടുള്ള സിഎച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
Tags : Nattuvishesham DistrictNews DeepikaNews approach road