പ്രതീകാത്മക ചിത്രം
രാജാക്കാട്: ചിന്നക്കനാൽ മുത്തമ്മ കോളനിക്ക് സമീപം ആനയിറങ്കലിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ആനയിറങ്കൽ ഡാമിന്റെ കാച്ച്മെന്റ് ഏരിയായിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഏഴ് വയസോളം പ്രായമുള്ള കുട്ടിക്കൊമ്പന്റെ ജഡമാണ് ആർആർടി കണ്ടെത്തിയത്. ആനയ്ക്ക് ഏതാനും ആഴ്ചകളായി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ആനയ്ക്ക് ഹെർപ്പിസ് രോഗം ബാധിച്ചിരുന്നതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
അസി. വെറ്ററിനറി സർജൻ ഡോ. സിദ്ധാർഥ് ശങ്കർ, ശാന്തൻപാറ ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോ. പവിഴം ജി. നായർ, ചിന്നക്കനാൽ ഗവ. വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി ദഹിപ്പിച്ചു.
മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാർ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ്ഓഫീസർ ഹാരിസൺ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നടപടികൾ സ്വീകരിച്ചത്.