ഇരിട്ടി: മഴയും കൊട്ടിയൂർ ഉത്സവവും ടിപ്പർ ലോറി നിയന്ത്രണവും വന്നതോടെ രാവിലെ 10 കഴിയുന്നതോടെ ഇരിട്ടി ടൗണിലും പാലത്തിലും വൻ ഗതാഗതക്കുരുക്കാണ്. ഇന്നലെ കനത്ത മഴ കൂടി ആരംഭിച്ചതോടെ പാലത്തിലും ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
കൂട്ടുപുഴ-തളിപ്പറമ്പ് ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ടി വന്നു. ഇരിട്ടിയിൽ നിന്ന് പ്രവേശിച്ച വാഹനങ്ങളാകട്ടെ കടന്നുപോകാൻ കഴിയാതെ പാലത്തിൽ കുടുങ്ങി.
വാഹനങ്ങളെ നിയന്ത്രിക്കാനായി പായം പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ സ്ഥപിച്ചിരിക്കുന്ന സിഗ്നൽ സംവിധാനമാകട്ടെ കണ്ണടച്ചിട്ട് വർഷങ്ങളായി.
കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ കർണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവും തിരക്കിന് ആക്കം കൂട്ടി. കഴിഞ്ഞവർഷം മുതലാണ് കൊട്ടിയൂരിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ഭക്തർ എത്തി തുടങ്ങിയത്. ഇതും ഇരിട്ടി പാലത്തിലെ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാണ്.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ സർവീസ് നടത്തരുത് എന്ന നിയമം വന്നതോടെ നിയന്ത്രണ സമയം കഴിഞ്ഞ് ടിപ്പർ ലോറികൾ കൂട്ടമായി എത്തുന്നതും പാലത്തിൽ കുരുക്ക് വർധിപ്പിക്കുന്നു. ഒരേസമയം നിരവധി ടിപ്പർ ലോറികളാണ് രണ്ടു ഭാഗത്തുനിന്നും കടന്നുവരുന്നത്. ്
ഇരിട്ടി ടൗണിൽ നിന്ന് കൂട്ടുപുഴ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മുഴുവനും പാലത്തിന്റെ മുകളിലാണ് കാത്തുനില്ക്കുന്നത്. പുതിയ പാലത്തിന്റെ സിഗ്നലൽ പുനഃസ്ഥാപിക്കുന്നത് ഒരു പരിധിവരെയെങ്കിലും ഗതാഗതക്കുരുക്ക് മാറാൻ ഗുണം ചെയ്യും.
Tags : nattu vishesham The city stuck in a traffic